ഇഞ്ച്വറി ടൈമിൽ ഇരട്ട വെടി!! ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തീർത്തു!!

Newsroom

Picsart 23 09 03 23 01 00 475
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് പ്രീമിയർ ലീഗിൽ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ആഴ്സണൽ അവസാന നിമിഷ ഗോളുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു. 3-1ന്റെ വിജയമാണ് ആഴ്സണൽ നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു വിജയം. ആഴ്സണലിന്റെ റെക്കോർഡ് സൈനിംഗ് റൈസും ജീസുസും ആണ് ഇഞ്ച്വറി ടൈമിൽ രണ്ടു ഗോളുകൾ നേടിയത്.

മാഞ്ചസ്റ്റർ 23 09 03 22 06 42 736

ഇന്ന് എമിറേറ്റ്സിൽ പതിയെ ആണ് മത്സരം തുടങ്ങിയത്. ഇരു ടീമുകളും കരുതലോടെയാണ് കളിച്ചത്‌. അതുകൊണ്ട് തന്നെ നല്ല അവസരങ്ങൾ തുടക്കത്തിൽ വന്നത്. കായ് ഹവേർട്സിന് ഒരു അവസരം കിട്ടിയിരുന്നു എങ്കിലും അത് മുതലെടുക്കാൻ താരത്തിനായില്ല. 27ആം മിനുട്ടിൽ വന്ന ഒരു കൗണ്ടർ അറ്റാക്കിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. എറിക്സൺ നൽകിയ ത്രൂ പാസ് സ്വീകരിച്ച് മാർക്കസ് റാഷ്ഫോർഡ് പെനാൾട്ടി ബോക്സിലേക്ക് കയറി പന്ത് കേർൾ ചെയ്ത് ഫിനിഷ് ചെയ്തു. സ്കോർ 1-0.

ആ ഗോൾ കഴിഞ്ഞ് 30 സെക്കൻഡുകൾക്ക് അകം ആഴ്സണൽ ഗോൾ മടക്കി. മാർട്ടിനെലിയുടെ പാസിൽ നിന്ന് ക്യാപ്റ്റൻ ഒഡെഗാർഡിന്റെ ഫിനിഷ് ആണ് കളി സമനിലയിലേക്ക് തിരിച്ചെത്തിച്ചത്. ഇതിനു ശേഷം ആദ്യ പകുതി അവസാനിക്കും വരെ കളി ഗോൾ രഹിതമായി നിന്നു.

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ മാർഷ്യലിന് കിട്ടിയ അവസരം റാംസ്ഡേൽ തടഞ്ഞു, റീബൗണ്ടിൽ റാഷ്ഫോർഡിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്തു. 58ആം മിനുട്ടിൽ മിനുട്ടിൽ ഹവേർട്സ് വീണതിന് ആന്റണി ടെയ്ലർ പെനാൾട്ടി വിധിച്ചു. എന്നാൽ വാർ പരിശോധനയിൽ പെനാൾട്ടി അല്ലെന്ന് തെളിഞ്ഞത് യുണൈറ്റഡിന് ആശ്വാസമായി‌.

65ആം മിനുട്ടിൽ ലിസാൻഡ്രോ പരിക്കേറ്റ് പുറത്ത് പോയി‌. മഗ്വയർ പകരക്കാരനായി എത്തി. ഒപ്പം യുണൈറ്റഡിന്റെ പുതിയ സ്ട്രൈക്കർ ഹൊയ്ലുണ്ടും കളത്തിൽ എത്തി‌. 80ആം മിനുട്ടിൽ സാകയ്ക്ക് ഒരു സുവർണ്ണാവസരം കിട്ടി എങ്കിലും ആഴ്സണൽ ആഗ്രഹിച്ച രണ്ടാം ഗോൾ വരാൻ ഒനാന അനുവദിച്ചില്ല.

89ആം മിനുട്ടിൽ ഹൊയ്ലുണ്ട് തുടങ്ങിയ അറ്റാക്കിൽ കസമിറോ ഗർനാചോയെ കണ്ടെത്തി. ഗർനാചോ ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാൽ തലനാരിഴക്ക് അത് വാർ ഓഫ്സൈഡ് വിളിച്ചു. കളി സമനിലയായി തുടർന്നു.

96ആം മിനുട്ടിൽ ആഴ്സണൽ വിജയ ഗോൾ കണ്ടെത്തി. ഒരു കോർണറിൽ നിന്ന് ഡക്ലൈൻ റൈസ് ആണ് വിജയ ഗോൾ നേടിയത്‌. റൈസിന്റെ ആഴ്സണൽ കരിയറിലെ ആദ്യ ഗോളാണിത്‌. ഇതോടെ തളർന്ന യുണൈറ്റഡിന് 101ആം മിനുട്ടിൽ ഒരു ഗോൾ കൂടെ നൽകി ജീസുസ് ആഴ്സണൽ വിജയം ഉറപ്പിച്ചു

ജയത്തോടെ ആഴ്സണൽ 4 മത്സരങ്ങളിൽ നിന്ന് 10 പോയിന്റിലും മാഞ്ചസ്റ്റർ യുണൈറ്റഡ് 6 പോയിന്റിലും നിൽക്കുകയാണ്‌.