ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടത്തിൽ പുതിയ ട്വിസ്റ്റ്. ഇന്ന് ലിവർപൂൾ ആഴ്സണലിനെ 2-2 എന്ന സമനിലയിൽ പിടിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട പ്രതീക്ഷകൾ തിരികെവന്നു. ഇന്ന് രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ലിവർപൂൾ തിരിച്ചടിച്ചത്.
ആൻഫീൽഡിലും ആഴ്സണൽ അവരുടെ മികച്ച ഫുട്ബോൾ പുറത്തിറക്കുന്നതാണ് ഇന്ന് ആദ്യ പകുതിയിൽ കണ്ടത്. ലിവർപൂൾ താളം കണ്ടെത്തും മുമ്പ് തന്നെ ആഴ്സണൽ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 8ആം മിനുട്ടിൽ ലിവർപൂൾ ഡിഫൻസിലെ ഒരു പാളിച്ച മുതലെടുത്ത് ബ്രസീലിയൻ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്സണലിന് ലീഡ് നൽകി. 1-0. 28ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് മാർട്ടിനെല്ലി നൽകിയ ക്രോസ് ഹെഡ് ചെയ്ത് ജീസുസ് ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി.
ഇതിനു ശേഷമാണ് ലിവർപൂൾ ഉണർന്നു കളിച്ചത്. 42ആം മിനുട്ടിൽ മൊ സലായിലൂടെ ലിവർപൂൾ കളിയിലേക്ക് തിരികെ വന്നു. ആദ്യ പകുതി 1-2ന് അവസാനിച്ചു. രണ്ടാം പകുതിയിൽ ലിവർപൂൾ തുടരെ ആക്രമണങ്ങൾ നടത്തി. 52ആം മിനുട്ടിൽ ഒരു പെനാൾട്ടിയും ലിവർപൂളിന് കിട്ടി. എന്നാൽ സമനില നേടാൻ ലഭിച്ച ആ അവസരം സലാ നഷ്ടപ്പെടുത്തി. സലായുടെ കിക്ക് ടാർഗറ്റിലേക്ക് പോലും പോയില്ല.
എങ്കിലും ലിവർപൂൾ വിട്ടുകൊടുത്തില്ല. സൂപ്പർ സബ്ബായി എത്തിയ ഫർമീഞ്ഞോ 89ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ലിവർപൂളിന് സമനില നൽകി. 2-0ൽ നിന്ന് 2-2ലേക്ക്. അതിനു ശേഷം രണ്ടു നല്ല അവസരങ്ങൾ ലിവർപൂളിന് കിട്ടി എങ്കിലും റാംസ്ഡെൽ ആഴ്സണലിന്റെ രക്ഷകനായി.
ഈ സമനിലയോടെ ആഴ്സണൽ 30 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സിറ്റിക്ക് 6 പോയിന്റ് മുന്നിൽ ആണെങ്കിലും ആഴ്സണൽ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്. ലിവർപൂൾ 44 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.