ആഴ്‌സണൽ ടീമിൽ നിന്ന് ഒഴിവാക്കി മറ്റോ ഗെന്ദൂസിക്ക് ആർട്ടെറ്റയുടെ മുന്നറിയിപ്പ്

- Advertisement -

ഇന്നലെ ന്യൂകാസ്റ്റിലിനെതിരായ ആഴ്‌സണലിന്റെ വമ്പൻ ജയത്തിലും ശ്രദ്ധേയമായി യുവ താരം മറ്റോ ഗെന്ദൂസിയുടെ ടീമിലെ അസാന്നിധ്യം. ഉനയ് എമറെ ടീമിൽ എത്തിച്ച ആദ്യ താരമായ 21 കാരൻ ആയ ഫ്രാൻസ് താരം അതിനു ശേഷം പ്രായത്തെ മറികടന്ന് ആഴ്‌സണലിന്റെ പ്രമുഖ താരം ആയി വളർന്നത് വളരെ വേഗം ആയിരുന്നു. എന്നാൽ മൈക്കിൾ ആർട്ടെറ്റക്ക് കീഴിൽ അത്ര തന്നെ അവസരങ്ങൾ ഗെന്ദൂസിക്ക് ലഭിച്ചില്ല. അതിനിടയിൽ ആണ് ഇന്നലെ നടന്ന മത്സരത്തിൽ ഗെന്ദൂസിയെ ടീമിൽ നിന്ന് പൂർണമായും ആർട്ടെറ്റ ഒഴിവാക്കുന്നത്. താരത്തിന് ഇതിലൂടെ വലിയ മുന്നറിയിപ്പ് ആണ് ആർട്ടെറ്റ നൽകിയത്.

ഇതിനെക്കുറിച്ച് മത്സരശേഷം ചോദിച്ചപ്പോൾ പരിശീലനത്തിൽ കൂടുതൽ ആത്മാർഥയും മികവും പുലർത്തുന്നവരെയാണ് താൻ ടീമിലേക്ക് എടുക്കുക എന്ന മറുപടി ആണ് മുൻ ആഴ്‌സണൽ നായകൻ കൂടിയായ ആർട്ടെറ്റയിൽ നിന്ന് ഉണ്ടായത്. എന്നാൽ ദുബായിൽ നടന്ന ഈ കഴിഞ്ഞ പരിശീല ക്യാമ്പിൽ കളിയോടുള്ള ഗെന്ദൂസിയുടെ സമീപനത്തോടുള്ള ആർട്ടെറ്റയുടെ അതൃപ്തി ആണ് ഇതിലൂടെ പ്രകടമായത് എന്നാണ് ലഭിക്കുന്ന സൂചന. പരിശീലകൻ ആയ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇതിനകം കടുപ്പക്കാരൻ ആയ പരിശീലകൻ എന്ന പേര് സമ്പാദിച്ച സ്പാനിഷ് പരിശീലകൻ ഡാനി സെബയോസിനെതിരെയും സമാനമായ നടപടി സ്വീകരിച്ചിരുന്നു.

റയൽ മാഡ്രിഡിൽ നിന്ന് വായ്‌പ അടിസ്‌ഥാനത്തിൽ എത്തിയ സെബയോസിന് പ്രശ്നങ്ങൾ പരിഹരിച്ചതിനാൽ ഇന്നലെ പക്ഷെ ആർട്ടെറ്റ അവസരവും നൽകിയിരുന്നു. ചെറിയ കാലയളവിൽ തന്നെ ആഴ്‌സണൽ ആരാധകരുടെ പ്രിയങ്കരനായ ഗെന്ദൂസിയെ ആഴ്‌സണൽ ഭാവി നായകൻ എന്ന് വരെയാണ് പലരും കണക്കാക്കുന്നത്. എന്നാൽ പരിശീലകനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കളിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഗെന്ദൂസിയുടെ ആഴ്‌സണൽ ഭാവി അത്ര ശുഭകരമായിരിക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ആർട്ടെറ്റക്ക് കീഴിൽ ഉടൻ തന്നെ ഗെന്ദൂസിയുടെ തിരിച്ച് വരവിന് കാത്തിരിക്കുക ആണ് ആരാധകർ. അതേസമയം വരാനിരിക്കുന്ന ഒളിമ്പിയാക്കോസിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ ഗെന്ദൂസി ഇറങ്ങുമോ എന്നു കണ്ടറിയാം.

Advertisement