പരിക്കേറ്റു വിശ്രമത്തിൽ കഴിയുന്ന ആഴ്സണൽ റൈറ്റ് ബാക്ക് ഹെക്ടർ ബെല്ലറിൻ പ്രതീക്ഷിച്ചതിലും ഒരു മാസം മുമ്പ് തന്നെ ടീമിലേക്ക് മടങ്ങിയെത്തും എന്നു സൂചന. ഈ ജനുവരിയിൽ ചെൽസിക്കെതിരായ 2-0 ത്തിനു ജയിച്ച മത്സരത്തിലാണു സ്പാനിഷ് യുവതാരം ബെല്ലറിന് ജോയിന്റിൽ പരിക്കേറ്റത്. വലിയ പരിക്ക് നേരിട്ട ബെല്ലറിൻ സ്പെയിനിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഏതാണ്ട് 9 മാസത്തോളം വിശ്രമം വേണ്ടി വരും ബെല്ലറിനു എന്നാണ് ആദ്യം പറഞ്ഞു കേട്ടത്.
എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വേഗത്തിൽ സുഖം പ്രാപിച്ചു വരുന്ന ബെല്ലറിൻ പ്രതീക്ഷിച്ച ഒക്ടോബറിനു മുമ്പേ കളത്തിൽ തിരിച്ചെത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 22 ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിൽ ബെല്ലറിൻ കളത്തിലേക്ക് മടങ്ങി എത്തിയേക്കും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ആഴ്സണലിന് ഒഴിവാക്കാൻ പറ്റാത്ത താരങ്ങളിൽ ഒരാളായ ബെല്ലറിന്റെ അഭാവം സീസണിന്റെ തുടക്കത്തിൽ ആഴ്സണലിന് ചെറിയ തിരിച്ചടി ഉണ്ടാക്കിയേക്കും.