പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ കഷ്ടകാലം തുടരുന്നു. ഇന്ന് സ്വന്തം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സതാംപ്ടൺ ആണ് ആഴ്സണലിനെ 1-1ന് സമനിലയിൽ തളച്ചത്. രണ്ടാം പകുതിയിൽ ആഴ്സണൽ താരം ഗബ്രിയൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ആഴ്സണൽ മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ നാല് മത്സരത്തിനിടെ മൂന്നാം തവണയാണ് ഒരു ആഴ്സണൽ താരം ചുവപ്പ് കാർഡ് കാണുന്നത്.
ഇന്നത്തെ മത്സരം സമനിലയിൽ ആയതോടെ സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ തോൽക്കുകയെന്ന വമ്പൻ നാണക്കേടിൽ നിന്ന് ആഴ്സണൽ രക്ഷപെട്ടു. മത്സരത്തിൽ ഏറെ കാലമായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഒബാമയാങ് ഗോൾ നേടിയത് മാത്രമാണ് ആഴ്സണലിന് ആശ്വസിക്കാൻ വകയുള്ള ഏക കാര്യം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മുൻ ആഴ്സണൽ താരമായ തിയോ വാൽകോട്ടിലൂടെയാണ് സതാംപ്ടൺ മുൻപിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ആഴ്സണൽ ഒബാമയാങ്ങിന്റെ ഗോളിൽ സമനില പിടിക്കുകയായിരുന്നു. മത്സരത്തിൽ മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഗബ്രിയേലിന്റെ ചുവപ്പ് കാർഡ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇഞ്ചുറി ടൈമിൽ ആഴ്സണലിന്റെ ഒരു ശ്രമം ബാറിൽ തട്ടി തെറിച്ചതും അവർക്ക് തിരിച്ചടിയായി.