ഇനിയും എത്ര തോൽക്കണം, മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിലും തകർന്നടിഞ്ഞ് ആഴ്സണൽ!!

Img 20210828 184729

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആഴ്സണലിന്റെ ദുരിത കഥ തുടരുന്നു. അവർ ഒരു വലിയ പരാജയം കൂടെ ഏറ്റു വാങ്ങിയിരിക്കുകയാണ്. ഇന്ന് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിട്ട ആഴ്സണലിന് പിടിച്ചു നിൽക്കാൻ പോലും ആയില്ല. മറുപടിയില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റി നേടിയത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ശാക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ആഴ്സണലിന് തിരിച്ചടിയായി.

ഇന്ന് തുടക്കം മുതൽ തന്നെ ആഴ്സണൽ ബാക്ക് ഫീറ്റിൽ ആയിരുന്നു. ഏഴാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. ഗബ്രിയേൽ ജീസുസിന്റെ ക്രോസിൽ നിന്ന് ഗുണ്ടോഗൻ ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നൽകിയത്. പിന്നാലെ 12ആം മിനുട്ടിൽ സിറ്റി ലീഡ് ഇരട്ടിയാക്കി. ഒരു ഫ്രീകിക്കിൽ നിന്ന് ഫെറാൻ ടോറസ് ആണ് സിറ്റിയുടെ രണ്ടാം ഗോൾ ഫിനിഷ് ചെയ്തത്. ഈ ഗോളുകൾ ആഴ്സണലിനെ തളർത്തി. 35ആം മിനുട്ടിൽ ശാക്ക ഒരു ചാലഞ്ചിന് ചുവപ്പും കൂടെ കണ്ടതോടെ ആഴ്സണൽ പരാജയം ഉറപ്പിച്ചു. പിന്നെ സിറ്റി എത്ര ഗോളടിക്കും എന്നത് മാത്രമായിരുന്നു അറിയാൻ ഉള്ളത്.

ആദ്യ പകുതി അവസാനിക്കും മുമ്പ് ഗ്രീലിഷിന്റെ മനോഹര അസിസ്റ്റിൽ ജീസുസ് സിറ്റിയുടെ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയിൽ മധ്യനിര താരം റോദ്രിയുടെ വക ആയിരുന്നു സിറ്റിയുടെ നാലാം ഗോൾ. 84ആം മിനുട്ടിൽ മെഹ്റസിന്റെ ക്രോസിൽ നിന്ന് ഫെറാൻ ടോറസ് തന്റെ രണ്ടാം ഗോൾ കൂടെ നേടിയതോടെ ഗോൾപട്ടിക പൂർത്തിയായി.

സിറ്റി നിരവധി അവസരങ്ങൾ നഷ്ടമാക്കിയിരുന്നില്ല എങ്കിൽ ഇതിനേക്കാൾ വലിയ പരാജയം ആഴ്സണൽ നേരിടേണ്ടി വന്നേനെ. ഈ സീസണിൽ ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ആഴ്സണലിന് ഇതുവരെ ഒരു ഗോൾ നേടാൻ പോലും ആയിട്ടില്ല. രണ്ട് വിജയങ്ങൾ ഉള്ള സിറ്റിക്ക് 6 പോയിന്റാണ് ഉള്ളത്.

Previous article“മഞ്ഞപടയുടെ ആവേശം അനുഭവിക്കാൻ കാത്തിരിക്കുകയാണ്. എന്റെ എല്ലാ മികവും ഈ ടീമിനായി പുറത്തെടുക്കും” പെരേര ഡയസ്
Next articleആർടെറ്റ സൃഷ്ടിക്കുന്ന പുതിയ റെക്കോർഡുകൾ, നാണക്കേടിൽ മാത്രമൊതുങ്ങുന്ന നേട്ടങ്ങൾ