ലണ്ടൺ ഡാർബിയിൽ ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ ആഴ്സണലിന്റെ മാരക തിരിച്ചുവരവ്. ഇന്ന് 77ആം മിനുട്ട് വരെ 2-0ന് പിറകിൽ നിന്ന ആഴ്സണൽ 2-2ന്റെ തിരിച്ചുവരവ് ആണ് നടത്തിയത്. ചെൽസിക്ക് വലിയ നിരാശ നൽകുന്ന ഫലം ആകും ഇത്. ആഴ്സണലിന് കിരീട പോരാട്ടത്തിൽ വലിയ ഊർജ്ജവും ഇത് നൽകും.
ഇന്ന് ലണ്ടൺ ഡർബിയിൽ ചെൽസി ആണ് തുടക്കം മുതൽ മികച്ചു നിന്നത്. സ്റ്റാംഫോർഡ് ബ്രിഡ്ജ് തങ്ങളുടെ ഹോം ഗ്രൗണ്ടാണെന്ന് ചെൽസി വീണ്ടും ഉറപ്പിക്കുന്ന രീതിയിൽ ആയിരുന്നു തുടക്കത്തിൽ നീക്കങ്ങൾ. മത്സരത്തിന്റെ 15ആം മിനുട്ടിൽ ഒരു പെനാൾട്ടി ചെൽസിക്ക് ലീഡ് നൽകി. സലിബയുടെ ഹാൻഡ്ബോളിന് കിട്ടിയ പെനാൾട്ടി യുവതാരം പാൽമർ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0.
ആദ്യ പകുതിയിൽ ചെൽസി ആ ലീഡ് നിലനിർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മുദ്രികിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. ഗോൾ ലൈനിന് പുറത്ത് നിന്ന റയയെ മുദ്രൈകിന്റെ ഒരു ക്രോസ് താളം തെറ്റിക്കുകയായിരുന്നു. സ്കോർ 2-0. കളി ചെൽസി ജയിക്കും എന്ന് തോന്നിപ്പിച്ചെങ്കിലും ആഴ്സ്ണൽ ഒരു മികച്ച കംബാക്കിലൂടെ കളിയിലേക്ക് തിരികെ വന്നു.
77ആം മിനുട്ടിൽ ഡക്ലൻ റൈസിന്റെ ഗോളിലൂടെ ആണ് അവർ കളിയിലേക്ക് തിരികെയെത്തിയത്. ചെൽസി കീപ്പർ സാഞ്ചസിന്റെ ഒരു അബദ്ധം മുതലെടുത്തായിരുന്നു റൈസിന്റെ ഫിനിഷ്. ഇതിനു ശേഷം 85ആം മിനുട്ടിൽ ട്രൊസാർഡിലൂടെ ആഴ്സണൽ സമനില ഗോൾ നേടി. സാകയുടെ ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഫിനിഷിലൂടെ ആണ് ട്രൊസാർഡ് സമനില നൽകിയത്. സ്കോർ 2-2
ഈ സമനില 21 പോയിന്റുമായി ആഴ്സണലിനെ രണ്ടാമത് നിർത്തുകയാണ്. 12 പോയിന്റുള്ള ചെൽസി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.