ആഴ്സണൽ ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം ഉയർത്തുക ആണെങ്കിൽ ആ കിരീടത്തിൽ ഇന്നത്തെ ഈ മൂന്ന് പോയിന്റിന് അതിൽ വലിയ പങ്കുണ്ടാകും. ഇന്ന് ബൗണ്മതിനോട് രണ്ടു ഗോൾ പിറകിൽ നിന്ന ശേഷമാണ് ആഴ്സണൽ തിരിച്ചടിച്ച് 3-2ന്റെ വിജയം ഇന്ന് സ്വന്തമാക്കിയത്.
ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ കാണാൻ ആയത് ഒരു ഗംഭീര പോരാട്ടം ആയിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ അടങ്ങാത്ത ആവേശം കണ്ട മത്സരം. കളി ആരംഭിച്ച് 9ആം സെക്കൻഡിൽ ബില്ലിംഗ് ബൗണ്മതിനായി ലീഡ് നൽകുന്നത് കണ്ടാണ് കളി ആരംഭിച്ചത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ ഞെട്ടിയ നിമിഷം. പ്രീമിയർ ലീഗ് ചരിത്രത്തിലെ വേഗതയേറിയ രണ്ടാം ഗോളായിരുന്നു ഇത്.
ആദ്യ പകുതിയിൽ ആഴ്സണൽ എത്ര ശ്രമിച്ചിട്ടും ഈ ഗോളിന് മറുപടി നൽകാൻ ആയില്ല. മറുവശത്ത് ബൗണ്മത് പലപ്പോഴും നിറയെ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബൗണ്മതിന്റെ രണ്ടാം ഗോളും വന്നു. സെനെസിയുടെ ഒരു ഹെഡർ. അർട്ടേറ്റ ആശങ്കയിൽ ആയ നിമിഷം.
പക്ഷെ ആഴ്സണൽ പരാജയം സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല. 62ആം മിനുട്ടിൽ തോമസ് പാർട്ടിയുടെ ഗോളിൽ ആഴ്സണൽ തിരിച്ചടി തുടങ്ങി. സ്കോർ 1-2. പിന്നെ തുടരാക്രമണങ്ങൾ ആയിരുന്നു. 70ആം മിനുട്ടിൽ നെൽസന്റെ ക്രോസിൽ നിന്ന് ബെൻ വൈറ്റിന്റെ ഷോട്ട്. നെറ്റോ ആ ഷോട്ട് തടഞ്ഞു എങ്കിലും അപ്പോഴേക്ക് ഗോൾ ലൈൻ കഴിഞ്ഞിരുന്നു.സ്കോർ 2-2.
പിന്നെ ആഴ്സണലിന്റെ വിജയ ഗോളിനായുള്ള പോരാട്ടമായിരുന്നു. ഒന്നിനു പിറകെ ഒന്നായി അറ്റാക്കുകൾ. 97ആം മിനുട്ട് വരെ ആ വിജയ ഗോൾ വന്നില്ല. പക്ഷെ റീസ് നെൽസന്റെ കളിയിലെ അവസാന സ്ട്രൈക്ക് ആഴ്സണലിന് വിജയവും മൂന്ന് പോയിന്റും നൽകി.
ഈ വിജയത്തോടെ ആഴ്സണൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തങ്ങൾക്ക് ഉള്ള 5 പോയിന്റ് അഡ്വാന്റേഡ് അവർ പുനസ്ഥാപിച്ചു. 25 മത്സരങ്ങളിൽ മിന്ന് 63 പോയിന്റുമായി ആഴ്സണൽ ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്.