ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് പോകുമെന്ന് ഉറപ്പിച്ച് ആഴ്സണൽ. അവരുടെ ഈ സീസണിലെ അവസാന രണ്ട് മത്സരങ്ങളിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ പോരാട്ടത്തിൽ അവർ ഇന്ന് വിജയിച്ചു. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ ചെന്നാണ് ആഴ്സണൽ വിജയിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ഇതോടെ ആഴ്സണൽ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.
ഇന്ന് ആദ്യ പകുതിയിൽ തന്നെ ആഴ്സണലിന്റെ ആധിപത്യമാണ് കണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കത്തിൽ പന്ത് കൈവശം വച്ചെങ്കിലും അവർക്ക് കാര്യമായ മുന്നേറ്റങ്ങൾ ഒന്നും നടത്താനായിരുന്നില്ല. ബ്രൂണോ ഫെർണാണ്ടസിന്റെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ വല്ലാതെ ബാധിച്ചു.
മത്സരത്തിന്റെ ഇരുപതാം മിനിട്ടിലായിരുന്നു ആഴ്സണൽ ലീഡ് എടുത്തത്. കായ് ഹവേർട്സ് നൽകിയ പാസ് ഒരു ടാപ്പിന്നിലൂടെ ട്രൊസാർഡ് വലയിലാക്കി. സെന്റർ ബാക്ക് കസമിറോയുടെ മോശം പൊസിഷനിംഗ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ഗോൾ വഴങ്ങാൻ കാരണമായത്.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലക്ക് ആയി അറ്റാക്ക് ചെയ്തു എങ്കിലും നല്ല ഫൈനൽ ബോളുകൾ ഉണ്ടായില്ല. മറുവശത്ത് ആഴ്സണലിന് ലീഡ് ഇരട്ടിയാക്കാൻ കിട്ടിയ അവസരങ്ങൾ ഒനാന തടഞ്ഞത് യുണൈറ്റഡിന് തുണയായി. യുണൈറ്റഡ് അവസാന യുവതാരങ്ങളെ കളത്തിൽ ഇറക്കി നോക്കി എങ്കിലും അതും ഫലം കണ്ടില്ല.
ഈ വിജയത്തോടെ 37 മത്സരങ്ങളിൽ നിന്ന് 86 പോയിന്റുമായി ആഴ്സണൽ ഒന്നാമത് നിൽക്കുന്നു. ഇനി അവർക്ക് ഒരു ലീഗ് മത്സരം മാത്രമാണ് ബാക്കിയുള്ളത്. രണ്ടു മത്സരങ്ങൾ ബാക്കിയുള്ള മാഞ്ചസ്റ്റർ സിറ്റി 85 പോയിന്റുമായി തൊട്ടു പിറകിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്നു. സിറ്റി ഇനി മിഡ് വീക്ക് പോരാട്ടത്തിൽ ടോട്ടനത്തെ നേരിടും. അതു കഴിഞ്ഞ് അവസാന മാച്ച് ഡേയിൽ സിറ്റി വെസ്റ്റ് ഹാമിനെയും ആഴ്സണൽ എവർട്ടണെയും ആണ് നേരിടുക.