ലണ്ടൻ ഡെർബിയിൽ ചെൽസിയെ നിലംതൊടിക്കാതെ ജയിച്ചു കയറി ആഴ്‌സണൽ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്‌സണലിന്റെ ജയം. ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് മത്സരത്തിൽ ചെൽസിയുടെ വിധി നിർണ്ണയിച്ചത്.
ഒരു പ്രധാന സ്‌ട്രൈക്കർ ഇല്ലാതെ ഇറങ്ങിയ ചെൽസിക്ക് തുടക്കം മുതൽ പിഴക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഒന്നിന് പുറകെ ഒന്നായി ആഴ്‌സണൽ ചെൽസി ഗോൾ മുഖം ആക്രമിക്കുകയും അതിന്റെ ഫലമെന്നോണം ലാകസെറ്റയിലൂടെ ലീഡ് നേടുകയുമായിരുന്നു. ബെല്ലറിൻ നൽകിയ ക്രോസ്സ് മനോഹരമായി നിയന്ത്രിച്ച ലാകസെറ്റ ഗോൾ നേടുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ചെൽസി ഉണർന്നു കളിച്ചെങ്കിലും ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ഗോൾ കീപ്പർ മാത്രം മുൻപിലെ നിൽക്കെ പെഡ്രോക്ക് കിട്ടിയ അവസരം താരം പുറത്തടിച്ചു കളയുകയും ചെയ്തു.
തുടർന്നാണ് കോസെൽനിയിലൂടെ ആഴ്‌സണൽ തങ്ങളുടെ ലീഡ് ഇരട്ടിയാക്കിയത്. സോക്രടീസ് നൽകിയ പാസിൽ നിന്നായിരുന്നു കോസെൽനി ഗോൾ നേടിയത്. ദീർഘകാലം പരിക്കിന്റെ പിടിയിലായിരുന്ന താരം തിരിച്ചുവരവിന് ശേഷം നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അലോൺസോയുടെ ശ്രമം ആഴ്‌സണൽ പോസ്റ്റിൽ തട്ടി തെറിച്ചതും ചെൽസിക്ക് വിനയായി.
രണ്ടാം പകുതിയിൽ ചെൽസി ജിറൂദിനെയും ഹഡ്സൺ ഒഡോയിയെയും ഇറക്കിയെങ്കിലും മികച്ചു നിന്ന ആഴ്‌സനൽ പ്രതിരോധത്തെ മറികടക്കാൻ ചെൽസിക്കയില്ല. ജയത്തോടെ പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പമെത്താനുംആഴ്‌സണലിനായി.