ആഴ്സ്ണലിൽ ആഴ്‌സൻ വെങ്ങറുടെ അവസാന സീസണിൽ ഏറ്റവും കൂടുതൽ പഴി കേട്ടത് എമിറേറ്റസിന് പുറത്ത് ടീം വിജയിക്കാനാവാതെ പതറുകയായിരുന്നു എന്നാണ്. ഈ സീസണിൽ ഉനൈ എമരി വന്നിട്ടും കാര്യങ്ങൾക്ക് മാറ്റമൊന്നുമില്ല. ദുർബലരായ ടീമുകളോട് പോലും ആഴ്‌സണലിന് എവേ മത്സരത്തിൽ കാലിടറുന്നു. ഇന്നലെ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ ബറ്റേയോട് പോലും ആഴ്‌സണൽ പരാജയം അറിഞ്ഞു.
കഴിഞ്ഞ ഒൻപത് എവേ മത്സരങ്ങളിൽ 2 മത്സരങ്ങളിൽ മാത്രമാണ് ഉനൈ എമരിയും സംഘവും വിജയം കണ്ടത്. ഒന്ന് പ്രീമിയർ ലീഗ് ക്ലബ്ബ് ഹദേഴ്‌സ്ഫീൽഡിനോട് ആയിരുന്നെങ്കിൽ ഒന്ന് ദുർബലരായ ബ്ലാക്ക്പൂളിനോട് ആയിരുന്നു. ഓൾഡ് ട്രാഫോഡിൽ നടന്ന പ്രീമിയർ ലീഗ് മല്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ചത് മാത്രമാണ് എടുത്തു പറയാവുന്ന ഒരു നേട്ടം.
ലിവർപൂളിനോട് അൻഫീല്ഡിൽ അഞ്ചു ഗോളിന് തകർന്നടിഞ്ഞു ആഴ്‌സനൽ. മാഞ്ചസ്റ്റർ സിറ്റിയോടും റെലഗേഷൻ ഭീഷണിയിൽ ഉള്ള സൗത്താംപ്ഠനോടും 3 ഗോളുകൾ വഴങ്ങി തോറ്റ ആഴ്‌സനൽ ലണ്ടൻ ഡെർബിയിൽ വെസ്റ്റ്ഹാമിനോടും പരാജയപ്പെട്ടു.
കഴിഞ്ഞ ഒൻപത് എവേ മത്സരങ്ങളിൽ രണ്ടു വിജയങ്ങളും അഞ്ച് പരാജയങ്ങളും രണ്ടു സമനിലയും സമനിലയും മാത്രമാണ് ആഴ്‌സണലിന്റെ സമ്പാദ്യം. ആഴ്‌സൻ വെങ്ങറിൽ നിന്നും ഉനൈ എമരി സ്ഥാനം ഏറ്റെടുത്തപ്പോൾ ആദ്യ ദിനങ്ങളിൽ എവേ മത്സരങ്ങളിൽ മികച്ച റെക്കോർഡ് ആയിരുന്നു ആഴ്‌സണലിന്. എമരിയുടെ കീഴിൽ ആദ്യ 14 മത്സരങ്ങളിൽ 8 മത്സരങ്ങൾ വിജയിക്കാൻ കഴിഞ്ഞപ്പോൾ 3 എണ്ണം മാത്രമായിരുന്നു പരാജയപ്പെട്ടത്. എന്നാൽ കഴിഞ്ഞ 4 എവേ മത്സരങ്ങളിൽ 3 എണ്ണത്തിൽ ആഴ്‌സണൽ പരാജയപ്പെട്ടു.