ഇനി മുന്നിൽ നിന്നു നയിക്കാൻ മാർട്ടിൻ ഒഡഗാർഡ്! ആഴ്‌സണലിന് പുതിയ നായകൻ!

Wasim Akram

ആഴ്‌സണലിന്റെ പുതിയ ക്ലബ് ക്യാപ്റ്റൻ ആയി നോർവെ താരം മാർട്ടിൻ ഒഡഗാർഡിനെ നിയമിച്ചു. ക്ലബ് ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചു. റയൽ മാഡ്രിഡിൽ നിന്നു ആദ്യം ലോണിലും പിന്നീട് കഴിഞ്ഞ സീസണിൽ സ്ഥിരമായും ആഴ്‌സണലിൽ എത്തിയ താരം അതിനു ശേഷം ആഴ്‌സണലിന്റെ പ്രധാന താരമായി ഉയർന്നിരുന്നു. കളത്തിൽ മൈക്കിൾ ആർട്ടെറ്റയുടെ വിശ്വസ്തൻ ആയും താരം മാറി.

2021 മാർച്ച് മുതൽ തന്റെ രാജ്യത്തിന്റെ ക്യാപ്റ്റൻ കൂടിയായ 23 കാരനായ താരത്തിന് നായകന്റെ ഉത്തരവാദിത്വം പുതിയ കാര്യമല്ല. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന് ആയി പ്രീമിയർ ലീഗിൽ മാത്രം 32 മത്സരങ്ങൾ കളിച്ച അറ്റാക്കിങ് മിഡ്ഫീൽഡറായ ഒഡഗാർഡ് 7 ഗോളുകളും 4 അസിസ്റ്റുകളും നേടിയിരുന്നു. നേതൃത്വ മികവ് ഇല്ല എന്ന സമീപകാലത്തെ ക്ലബിന്റെ കുറവ് പരിഹരിക്കാൻ ആവും ഒഡഗാർഡിന്റെ ശ്രമം.