ഡാനി സെബയോസ് മധ്യനിരയിൽ നിറഞ്ഞാടിയപ്പോൾ ആഴ്സണലിന് സീസണിലെ ആദ്യ ഹോം ജയം. ബേൺലിയെ 2-1 നാണ് ഗണ്ണേഴ്‌സ് മറികടന്നത്. ആഴ്സണൽ നേടിയ 2 ഗോളുകൾക്കും വഴി ഒരുക്കിയത് സെബയോസ് ആയിരുന്നു. ലകസേറ്റ്, ഒബാമയാങ് എന്നിവരാണ് അവരുടെ ഗോളുകൾ നേടിയത്.
ആഴ്സണൽ ആദ്യ ഇലവനിൽ സെബയോസും ഡേവിഡ് ലൂയിസും അരങ്ങേറി. മത്സരത്തിൽ തുടക്കത്തിൽ നേടിയ മുൻതൂക്കം ആഴ്സണലിന് പക്ഷെ ആദ്യ ഗോൾ നേഷ്യ ശേഷം നില നിർത്താനായില്ല. 13 ആം മിനുട്ടിൽ സെബയോസിനെ മികച്ച ബോളിൽ നിന്ന് ലകസേറ്റ് ആണ് ആഴ്സണലിന് ലീഡ് സമ്മാനിച്ചത്. പക്ഷെ പിന്നീട് ബേൺലി ആക്രമണ നിര ഉണർന്നതോടെ ആഴ്സണൽ പ്രതിരോധത്തിന് കനത്ത ജോലിയായി. തുടർച്ചയായി ആഴ്സണൽ ഗോൾ വല ആക്രമിച്ച അവർക്ക് 43 ആം മിനുട്ടിൽ അതിനുള്ള ഫലം ലഭിച്ചു. ആഷ്‌ലി ബാൺസ് നേടിയ ഗോളിൽ അവർ ആദ്യ പകുതിയിലെ സ്കോർ 1-1 ആക്കി.
രണ്ടാം പകുതിയിൽ ആഴ്സണൽ മത്സരത്തിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചു. 64 ആം മിനുട്ടിൽ സെബയോസ് വീണ്ടും ആഴ്സണൽ ഗോളിന് വഴി ഒരുക്കി. മധ്യനിരയിൽ താരം തട്ടിയെടുത്ത പന്തിൽ നിന്ന് ഒബാമയാങ് ആണ് ഗോൾ നേടിയത്. പിന്നീടും ആഴ്സണൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബേൺലി ഗോളി പോപ്പിന്റെ മികച്ച സേവുകൾ അവർക്ക് തടസമായി.