ബ്രെണ്ടൻ റോഡ്ജേഴ്സിന്റെ ടീമിന് മുൻപിൽ കരുത്ത് ചോർന്ന കളി കളിച്ച ആഴ്സണലിന് നാണം കെട്ട തോൽവി. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ലെസ്റ്റർ ഗണ്ണേഴ്‌സിനെ തോൽപിച്ചത്. ലീഗിൽ ഇത് ആഴ്സണലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്. നിലവിൽ 2 കളികൾ ബാക്കി നിൽക്കേ 66 പോയിന്റുള്ള ആഴ്സണൽ അഞ്ചാം സ്ഥാനതാണ്. 35 കളികളിൽ നിന്ന് 67 പോയിന്റുള്ള ചെൽസിയാണ് നിലവിൽ നാലാം സ്ഥാനത്ത്.
മത്സരതിന്റെ തുടക്കം മുതൽ തന്നെ ലെസ്റ്റർ മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. പക്ഷെ ഗോൾ കണ്ടെത്താനായില്ല. ആഴ്സണലിന് മത്സരത്തിന്റെ 36 ആം മിനുറ്റിലാണ് കനത്ത തിരിച്ചടി നേരിട്ടത്. രണ്ടാം മഞ്ഞ കാർഡ് കണ്ട് യുവ താരം ഐൻസ്‌ലി നീൽസ് പുറത്തായതോടെ അവർ 10 പേരായി ചുരുങ്ങി.
രണ്ടാം പകുതി 15 മിനുട്ട് പിന്നിട്ടപ്പോൾ ലെസ്റ്ററിന്റെ ആദ്യ ഗോൾ എത്തി. ജെയിംസ് മാഡിസന്റെ അസിസ്റ്റിൽ ലോണിൽ എത്തിയ ടീലമാൻസ് ആണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയിട്ടും ആഴ്സണൽ മുന്നേറ്റ നിര ഒരു ഉണർവും കാണിക്കാതെ വന്നതോടെ ലെസ്റ്ററിന് കാര്യങ്ങൾ എളുപ്പമായി. 86,90 മിനുറ്റുകളിൽ വാർഡിയും ഗോൾ നേടി ലെസ്റ്ററിന്റെ ജയം ഉറപ്പാക്കി. കേവലം ഒരു ഷോട്ട് മാത്രമാണ് ലെസ്റ്ററിന്റെ പോസ്റ്റിലേക് ആഴ്സണലിന് നടത്താനായത്. ലെസ്റ്ററാകട്ടെ 12 ഷോട്ടുകളാണ് ആഴ്സണൽ ഗോളിന് നേരെ നടത്തിയത്. ഇതോടെ ഇന്ന് നടക്കുന്ന ചെൽസി- യുണൈറ്റഡ് മത്സരത്തിൽ ജയിക്കാനായാൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനാകും.