ഡേവിഡ് മോയ്സിന്റെ തന്ത്രങ്ങൾ തടയാൻ ബിയെൽസക്ക് ആയില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം ലീഡ്സിനെ അവരുടെ ഗ്രൗണ്ടിൽ ചെന്നാണ് വീഴ്ത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് ആണ് വെസ്റ്റ് ഹാം 2-1ന് വിജയിച്ചത്. സ്ട്രൈക്കർ അന്റോണിയോയുടെ അവസാന മിനുട്ടിലെ സോളോ ഗോളാണ് വെസ്റ്റ് ഹാമിന് ജയം നൽകിയത്. ഇന്ന് 19ആം മിനുട്ടിൽ ബ്രസീലിയൻ താരം റഫീന ആണ് ലീഡ്സിന് ലീഡ് നൽകിയത്.
രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ സൗചക് വെസ്റ്റ് ഹാമിന് സമനില നൽകി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. അതിൽ തളരാതെ പൊരുതിയ വെസ്റ്റ് ഹാം 67ആം മിനുട്ടിൽ ഫിർപോയുടെ ഒരു സെൽഫ് ഗോളിൽ സമനില കണ്ടെത്തി. ബോവന്റെ ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിൽ കയറുക ആയിരുന്നു. കളിയുടെ തൊണ്ണൂറാം മിനുട്ടിൽ ആയിരുന്നു അന്റോണിയോയുടെ ഗോൾ. പന്ത് സ്വീകരിച്ച് നൃത്ത ചുവടുമായി ലീഡ്സ് ഡിഫൻസിനെ വീഴ്ത്തി ആയിരുന്നു അന്റോണിയോയുടെ ഗോൾ.
ഈ വിജയത്തോടെ വെസ്റ്റ് ഹാം 11 പോയിന്റുമായി ഏഴാം സ്ഥാനത്തായി. ആറു മത്സരം കഴിഞ്ഞിട്ടും ഒരു ജയം പോലും ഇല്ലാത്ത ലീഡ്സ് ഇപ്പോൾ റിലഗേഷൻ സോണിൽ ആണ്.