ചെൽസിയുടെ മുൻ പരിശീലകനായ അന്റോണിയോ കൊണ്ടേ ക്ലബ്ബിനെതിരെ നിയമ യുദ്ധത്തിന് ഒരുങ്ങുന്നു. ഈ സീസണിന്റെ തുടക്കത്തിൽ അന്റോണിയോ കൊണ്ടേയെ ചെൽസി പുറത്താക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ചെൽസിക്കെതിരെ കൊണ്ടേ നിയമ നടപടിക്ക് ഒരുങ്ങുന്നത്. കോടതിക്ക് പുറത്ത് ഒത്ത് തീർപ്പിനു ചെൽസി ശ്രമിച്ചെങ്കിലും കൊണ്ടേ വഴങ്ങിയിരുന്നില്ല. കൊണ്ടേയെ പുറത്താക്കിയതിനെ തുടർന്ന് ചെൽസി നാപോളി പരിശീലകൻ മൗറിസിയോ സാരിയെ പരിശീലകനായി നിയമിക്കുകയും ചെയ്തിരുന്നു.
ചെൽസിക്കെതിരെ രണ്ടു കേസുകൾ ഫയൽ ചെയ്യാനാണ് കൊണ്ടേയുടെ അഭിഭാഷകരുടെ ശ്രമം. തൊഴിൽ പ്രശ്നങ്ങൾ തീർപ്പാക്കുന്ന കോടതിയിലും കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിലുമാണ് കൊണ്ടേ നിയമ നടപടിക്ക് മുതിരുന്നത്. ശമ്പള തുകയിൽ 11.3മില്യൺ പൗണ്ടും തന്നെ പുറത്താക്കിയ നടപടിക്കെതിരെ 8.7മില്യൺ പൗണ്ടുമാണ് കൊണ്ടേ ചെൽസിയിൽ നിന്ന് ആവശ്യപ്പെടുന്നത്. അതെ സമയം ചെൽസി ഈ തുക നല്കാൻ തയ്യാറല്ലെന്ന് അറിയിക്കുകയും ഡിയേഗോ കോസ്റ്റക്കെതിരെയുള്ള കൊണ്ടേയുടെ പെരുമാറ്റം കോടതിക്ക് മുൻപിൽ കൊണ്ട് വരാനും ശ്രമിക്കുന്നുണ്ട്.