ഇന്ന് ആൻഫീൽഡ് ഈ സീസൺ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ മത്സരത്തിന് ഒന്നിനാണ് സാക്ഷ്യം വഹിച്ചത്. ലിവർപൂളും സ്പർസും തമ്മിൽ നടന്ന മത്സരം ആദ്യ 15 മിനുട്ട് കഴിഞ്ഞപ്പോൾ ലിവർപൂൾ 3-0നു മുന്നിൽ ആയിരുന്നു. മത്സരം 93ആം മിനുട്ടിൽ എത്തിയപ്പോൾ സ്കോർ 3-3 എന്നായിരുന്നു. ഫൈനൽ വിസിൽ വന്നപ്പോൾ ലിവർപൂളിന് അനുകൂലമായി 4-3 എന്ന വിജയവും.
സ്പർസിന് സമീപകാല മത്സരങ്ങളിൽ എന്ന പോലെ ഇന്നും മോശം തുടക്കമാണ് ലഭിച്ചത്. അവർ മൂന്നാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ വഴങ്ങി. കർടിസ് ജോൺസിന്റെ ഫിനിഷ്. പിന്നാലെ പരിക്ക് മാറി എത്തിയ ലൂയിസ് ഡിയസിന്റെ വക അഞ്ചാം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കിയ ഗോൾ. 15ആം മിനുട്ടിൽ പെനാൾട്ടിയിൽ നിന്ന് സലായും ഗോൾ നേടി. സ്കോർ 3-0.
കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ 2-0ന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് സമനില നേടിയ സ്പർസ് ഇന്നും പൊരുതി. 35ആം മിനുട്ടിൽ പെരിസിചിന്റെ ക്രോസിൽ നിന്ന് കെയ്നിന്റെ അനായാസ ഫിനിഷ്. സ്കോർ 3-1. ഇതിനു ശേഷം രണ്ടു തവണ സ്പർസിനെ ഗോൾ പോസ്റ്റ് ഗോളിൽ നിന്ന് തടഞ്ഞു. 77ആം മിനുട്ടിൽ സോണിന്റെ ഫിനിഷിൽ സ്പർസ് സ്കോർ 3-2 എന്നാക്കി. പിന്നെ സമനില ഗോളിനായുള്ള അന്വേഷണം.
ഇഞ്ച്വറി ടൈമിൽ റിച്ചാർലിസന്റെ ഫിനിഷിൽ സ്കോർ 3-3. ലിവർപൂൾ പക്ഷെ വിജയം കൈവിടാൻ തയ്യാറായിരുന്നില്ല. അവസാന നിമിഷം ജോടയുടെ ഗോളിൽ ലിവർപൂൾ 3 പോയിന്റ് ഉറപ്പിച്ചു. ഈ വിജയത്തോടെ ലിവർപൂൾ 33 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. സ്പർസ് 54 പോയിന്റുമായി ആറാം സ്ഥാനത്താണ്.