ആന്റി റോബർട്സന്റെ പരിക്ക് സ്ഥിരീകരിച്ച് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ശനിയാഴ്ച എവർടണുനായുള്ള മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിൽ പങ്കെടുക്കവെയാണ് കോച്ച് സ്കോട്ലാന്റ് താരത്തിനെ കുറിച്ച് സംസാരിച്ചത്. നേരത്തെ സ്പെയിനിനെതിരായ യൂറോ ക്വാളിഫയർ മത്സരത്തിലാണ് റോബർട്സണ് പരിക്കേറ്റത്. സ്പാനിഷ് കീപ്പർ ഉനയ് സിമോണുമായി കൂട്ടിയിടിക്കുകയായിരുന്നു താരം. തുടർന്ന് വലത് തോളിന് വേദന അനുഭവപ്പെട്ടത്തോടെ ആദ്യ പകുതിയിൽ തന്നെ കളം വിട്ടു. ഷോൾഡർ ഡിസ്‌ലോകെഷനാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്.
“റോബർട്സനെ ശസ്ത്രക്രിയക്ക് വിധേയനാക്കാൻ തന്നെയാണ് നിലവിലെ തീരുമാനം”, ക്ലോപ്പ് പറഞ്ഞു, “മറ്റ് വഴികളും തേടിയിരുന്നെങ്കിലും വിദഗ്ധരുമായി ആലോചിച്ച ശേഷം ശസ്ത്രക്രിയ തന്നെയാണ് ഉചിതമായ പരിഹാരം എന്നു തീരുമാനിച്ചു. ദീർഘകാലത്തേക്ക് പരിക്കിനെ മാറ്റി നിർത്താനും അതാണ് നല്ലത്. എന്നാൽ എന്നത്തേക്ക് താരത്തിന് തിരിച്ചു വരാൻ സാധിക്കും എന്ന് തനിക്കും പറയാൻ ആവില്ല”. ലെഫ്റ്റ് ബാക്ക് സ്ഥാനത് സിമികസ് ആണ് ക്ലോപ്പിന് മുന്നിലുള്ള പകരക്കാരൻ. എന്നാൽ ജോ ഗോമസിനും ഈ സ്ഥാനത്ത് ഇറങ്ങാൻ സാധിക്കും എന്നും കൂടുതൽ മത്സരങ്ങൾ മുന്നിലുള്ള സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ താരങ്ങൾ ഈ സ്ഥാനത്തേക്ക് ടീമിൽ ഉള്ളത് വളരെ ആശ്വാസമാണെന്നും ക്ലോപ്പ് ചൂണ്ടിക്കാണിച്ചു. ഏതായാലും ജനുവരിയോടെ മാത്രമേ റോബർട്സന്റെ തിരിച്ചു വരവ് ഉണ്ടാവുകയുള്ളൂ എന്നാണ് സൂചനകൾ.