ഓൾഡ്ട്രാഫോർഡിനെ ഇളക്കിമറിച്ച് പെരേരയുടെ അത്ഭുതഗോൾ

Newsroom

പ്രീസീസണിൽ ആദ്യമായി സ്വന്തം മൈതാനമായ ഓൾഡ്ട്രാഫോർഡിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ഇന്ന് പ്രീമിയർ ലീഗ് ക്ലബായ ബ്രന്റ്ഫോർഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 2-2 എന്ന സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മനോഹരമായ മൂന്നു ഗോളുകളാണ് ഇന്ന് ഓൾഡ്ട്രാഫോർഡ് സാക്ഷിയായത്. ഇതിൽ ആന്ദ്രെസ് പെരേര നേടിയ വോളി താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗോളായിരിക്കും.

ഇന്ന് തുടക്കത്തിൽ യുവതാരം ആന്റണി എലാംഗയുടെ ഗോളിൽ ആണ് യുണൈറ്റഡ് ലീഡ് എടുത്തത്. വാൻ ബിസാകയുടെ ക്രോസിൽ നിന്ന് ഒരു വോളിയിലൂടെ ആയിരുന്നു എലാംഗയുടെ ഗോൾ. താരം കഴിഞ്ഞ പ്രീസീസൺ മത്സരത്തിലും യുണൈറ്റഡിനായി ഗോൾ നേടിയിരുന്നു. ഈ ഗോളിന് അതിനേക്കാൾ മനോഹരമായ ഗോളിലൂടെ ബ്രെന്റ്ഫോർഡ് മറുപടി പറഞ്ഞു. ബോക്സിന് പുറത്ത് നിന്നുള്ള ഒരു വോളിയിലൂടെ ബാപ്റ്റിസ്റ്റെ ആണ് സമനില നേടിക്കൊടുത്തത്.

രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു കളിയിലെ ഏറ്റവും മികച്ച ഗോൾ വന്നത്. 49ആം മിനുട്ടിൽ ആന്ദ്രെസ് പെരേര തൊടുത്ത വോളി സ്റ്റെഫോർഡ് എൻഡിനെ ഞെട്ടിച്ച് ആണ് വലയിൽ പതിച്ചത്.

ഈ ഗോളിന് ബ്രയാൻ എമ്പുമൊയിലൂടെ ആണ് ബ്രെന്റ്ഫോർഡ് സമനില പിടിച്ചത്. വാൻ ഡെ ബീക്, ഗ്രീൻവുഡ്, വാൻബിസക എന്നിവരൊക്കെ യുണൈറ്റഡിനായി ഇന്ന് കളത്തിൽ ഇറങ്ങി. ബ്രൂണോ ഫെർണാണ്ടസും മക്ടോമിനയും ഇന്ന് കളത്തിൽ ഇറങ്ങിയില്ല.