പരിക്ക് മാറി അലിസൺ പരിശീലനം തുടങ്ങി

Staff Reporter

പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ നോർവിച് സിറ്റിക്കെതിരെ പരിക്കേറ്റ് പുറത്തുപോയ ലിവർപൂൾ ഗോൾ കീപ്പർ അലിസൺ പരിക്ക് മാറി പരിശീലനം തുടങ്ങി. ലിവർപൂൾ ഗോൾ കീപ്പിങ് പരിശീലകനാണ് അലിസൺ ചെറിയ തോതിലുള്ള പരിശീലനം തുടങ്ങിയതായി അറിയിച്ചത്. ഗോൾ കിക്ക്‌ എടുക്കുന്നതിനിടെ വഴുതി വീണാണ് അലിസണ് പരിക്കേറ്റത്. മാസങ്ങളോളം അലിസൺ പുറത്തിരിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരം പരിശീലനത്തിന് തിരിച്ചെത്തിയത് ലിവർപൂളിന് ആശ്വാസമാണ്.

അതെ സമയം ന്യൂ കാസിലിനെതിരെയുള്ള അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ അഡ്രിയാൻ തന്നെയാവും ലിവർപൂൾ ഗോൾ വല കാക്കുക. ന്യൂ കാസിൽ യൂണൈറ്റഡിനെതിരായ മത്സരത്തിന് ശേഷം ചാമ്പ്യൻസ് ലീഗിൽ നാപോളിയാണ് ലിവർപൂളിന്റെ എതിരാളികൾ. അലിസണ് പകരക്കാരനായി അഡ്രിയാൻ ആണ് കഴിഞ്ഞ മത്സരങ്ങളിൽ ലിവർപൂൾ ഗോൾ വല കാത്തത്. നിലവിൽ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ മത്സരങ്ങളും ജയിച്ച ലിവർപൂൾ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.