ലിവർപൂളിൽ ദീർഘകാലത്തേക്ക് കരാർ പുതുക്കി പ്രതിരോധ താരം അലക്സാണ്ടർ അർണോൾഡ്. പുതുതായി ഒപ്പുവെച്ച അഞ്ചു വർഷത്തെ കരാർ പ്രകാരം 2024 വരെ യുവതാരം ലിവർപൂളിൽ തുടരും. ആറ് വയസ്സ് മുതൽ ലിവർപൂൾ അക്കാദമിയുടെ ഭാഗമായ അലക്സാണ്ടർ അർണോൾഡ് 2016 ഒക്ടോബറിലാണ് ലിവർപൂൾ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്. ലിവർപൂളിന് വേണ്ടി ഇതുവരെ 67മത്സരങ്ങൾ കളിച്ച അലക്സാണ്ടർ അർണോൾഡ് 4 ഗോളുകളും നേടിയിട്ടുണ്ട്.
അരങ്ങേറ്റം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച അലക്സാണ്ടർ അർണോൾഡ് റഷ്യയിലേക്ക് പോയ ഇംഗ്ലണ്ട് ടീമിലും സ്ഥാനം പിടിച്ചിരുന്നു. 2017ൽ കരാർ പുതുക്കിയ അർണോൾഡ് ഈ കാലയളവായിൽ കൈവരിച്ച പുരോഗതിയാണ് താരത്തിന് പുതിയ കരാർ നൽകാൻ ലിവർപൂളിനെ പ്രേരിപ്പിച്ചത്. പരിക്ക് മൂലം താരത്തിന് ഇന്ന് നടക്കുന്ന ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ കളിക്കാൻ പറ്റിയിരുന്നില്ല.
കഴിഞ്ഞ ദിവസം മറ്റൊരു യുവതാരം ആൻഡി റോബർട്സണും ലിവർപൂളുമായി കരാർ പുതുക്കിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം റോബർട്ടോ ഫിർമിനോ, മുഹമ്മദ് സല, ഹെൻഡേഴ്സൺ, സാദിയോ മാനെ, ജോ ഗോമസ് എന്നിവരും ലിവർപൂളിൽ പുതിയ കരാറിൽ ഏർപ്പെട്ടിരുന്നു.