ഇംഗ്ലണ്ട് രണ്ടാം ഡിവിഷൻ ലീഗായ ചാമ്പ്യൻഷിപ്പിൽ മികച്ച ഫോമോടെ തരംഗമായി ആസ്റ്റൺ വില്ല താരം ടാമി അബ്രഹാം. ചെൽസിയിൽ നിന്ന് ലോണിൽ എത്തിയ താരത്തെ ജനുവരിക്ക് ശേഷം നിലനിർത്താൻ സാധിക്കുമോ എന്നുറപ്പില്ലെന്ന് വില്ല പരിശീലകൻ ഡീൻ സ്മിത്ത് വ്യക്തമാക്കി. ചെൽസി താരത്തെ തിരിച്ചു വിളിച്ചേക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് വില്ല പരിശീലകന്റെ വെളിപ്പെടുത്തൽ.
മൊറാത്തയും ജിറൂദും ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന അവസ്ഥയിൽ ചെൽസി പുതിയ സ്ട്രൈക്കറെ ജനുവരിയിൽ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. ബൗർമൗത് താരം കാലം വിൽസനെ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ ചെൽസി സ്വന്തം താരമായ അബ്രഹാമിനെ തിരിച്ചു വിളിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ക്രിസ്റ്റൽ പാലസ് അടക്കമുളള മറ്റു പ്രീമിയർ ലീഗ് ടീമുകളും താരത്തെ നോട്ടമിട്ടിട്ടുണ്ട്.
ചാമ്പ്യൻഷിപ്പിൽ 16 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് അബ്രഹാം ഇതുവരെ നേടിയത്.