ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രന്റ്ഫോർഡ് നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം സമനിലയിൽ. ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടുക ആയിരുന്നു. നിലവിൽ ലീഗിൽ ബ്രന്റ്ഫോർഡ് പത്താം സ്ഥാനത്ത് നിൽക്കുമ്പോൾ അവസാന സ്ഥാനത്ത് ആണ് ഫോറസ്റ്റ്. മത്സരത്തിൽ ഇരുപതാം മിനിറ്റിൽ ഇമ്മാനുവൽ ഡെന്നിസിന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ മോർഗൻ ഗിബ്സ്- വൈറ്റ് ഫോറസ്റ്റിന് ഗോൾ സമ്മാനിക്കുക ആയിരുന്നു. നിരവധി എതിർ താരങ്ങളെ ഡ്രിബിൾ ചെയ്ത ശേഷമാണ് താരം ഷോട്ട് ഉതിർത്തത്. വലിയ തുകക്ക് ഫോറസ്റ്റിൽ എത്തിയ താരത്തിന്റെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് വിസയെ ഹെന്റേഴ്സൻ വീഴ്ത്തിയതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിച്ചു. ഇവാൻ ടോണിയുടെ അഭാവത്തിൽ പെനാൽട്ടി ബുയമോ അനായാസം ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ജെൻസന്റെ ലോങ് ബോളിൽ നിന്നു 75 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ വിസ ബ്രന്റ്ഫോർഡിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. വീണ്ടും ഒരു പരാജയം മണത്ത ഫോറസ്റ്റിന് ഇഞ്ച്വറി സമയത്ത് 96 മത്തെ മിനിറ്റിലെ സെൽഫ് ഗോൾ രക്ഷ ആവുക ആയിരുന്നു. ഗിബ്സ്-വൈറ്റിന്റെ ഷോട്ട് മീ ക്ലിയർ ചെയ്തു എങ്കിലും അത് മതിയാസ് ജോർഗൻസന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുക ആയിരുന്നു. ലൈനിൽ നിന്നു ക്ലിയർ ചെയ്യാനുള്ള മീയുടെ അവസാനവട്ട ശ്രമം പരാജയപ്പെട്ടപ്പോൾ ഫോറസ്റ്റ് ഒരു പോയിന്റ് സ്വന്തമാക്കുക ആയിരുന്നു.