റഷ്യൻ ഉടമ റോമൻ അബ്രമോവിച്ചിന് കീഴിൽ 1000 മത്സരങ്ങൾ പൂർത്തിയാക്കാനൊരുങ്ങി ചെൽസി. ഇന്ന് ടോട്ടൻഹാമിനെതിരായ ലണ്ടൻ ഡെർബി റോമൻ അബ്രമോവിച്ചിന് കീഴിൽ ചെൽസി 1000 മത്സരങ്ങൾ എന്ന നാഴികക്കല്ല് പൂർത്തിയാക്കും. ഇംഗ്ലീഷ് ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം അബ്രമോവിചിന്റെ ചെൽസിയെ ഏറ്റെടുക്കൽ അവരുടെ ഫുട്ബോളിന്റെ ഗതി തന്നെ മാറ്റുന്നതായിരുന്നു. ഫുട്ബോളിൽ പണം വാരിയെറിഞ്ഞ് കിരീടങ്ങൾ സ്വന്തമാകാൻ റോമൻ അബ്രമോവിച്ച് ഇറങ്ങിയതോടെ മറ്റു ക്ലബ്ബുകൾക്ക് മാറി നിൽക്കാൻ കഴിയാതെ വരുകയും ചെയ്തു.
അതെ സമയം ചെൽസിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ജോസെ മൗറിനോ പരിശീലിപ്പിക്കുന്ന ടോട്ടൻഹാമിനെതിരെയാണ് ചെൽസിയുടെ ഇന്നത്തെ മത്സരം എന്നത് മറ്റൊരു പ്രേത്യേകതയാണ്. 2004ൽ അബ്രമോവിച്ച് മൗറിനോയെ ചെൽസിയിൽ എത്തിക്കുകയും തുടർന്ന് 1955ന് ശേഷം ആദ്യമായി ചെൽസിയെ ലീഗ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. കൂടാതെ ചെൽസി സ്വന്തമാക്കുന്നതിന് മുൻപ് ടോട്ടൻഹാമിനെ സ്വന്തമാക്കാനും റോമൻ അബ്രമോവിച്ച് ശ്രമം നടത്തിയിരുന്നു.
പരിശീലകരെ ഒരു ദയയും ഇല്ലാതെ പുറത്താക്കിയ അബ്രമോവിച്ച് ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ഇംഗ്ലീഷ് ടീമുകളിൽ ഒന്നായി ചെൽസിയെ മാറ്റി. ഇതിനിടെ യു.കെ ഗവൺമെന്റുമായുള്ള പ്രശ്നങ്ങളെ തുടർന്ന് റോമൻ അബ്രമോവിച്ച് ക്ലബ് വിൽക്കുമെന്ന് വാർത്തകൾ വന്നെങ്കിലും ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ തുക മുടക്കി വമ്പൻ താരങ്ങളെ ടീമിൽ എത്തിച്ച അബ്രമോവിച്ച് ചെൽസിയോടുള്ള തന്റെ ഇഷ്ട്ടം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏകദേശം 275 മില്യൺ ഡോളറാണ് ചെൽസി താരങ്ങൾക്കായി ചിലവഴിച്ചത്.