അടച്ചിട്ട സ്റ്റേഡിയത്തിൽ പ്രീമിയർ ലീഗ് തുടങ്ങാൻ ശ്രമം

Staff Reporter

അടുത്ത ജൂൺ മാസം മുതൽ അടച്ചിട്ട സ്റ്റേഡിയത്തിൽ പ്രീമിയർ ലീഗ് തുടങ്ങാനുള്ള ശ്രമവുമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് പ്രീമിയർ ലീഗ് നിർത്തിവെച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം തുടങ്ങുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടിയാണ് ഉള്ളത്. ഈ ആഴ്ച പ്രീമിയർ ലീഗ് പ്രതിനിധികളും ക്ലബ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുമെന്നാണ് കരുതപ്പെടുന്നത്.

ഇത് പ്രകാരം ജൂണിൽ മത്സരം തുടങ്ങാനുള്ള പദ്ധതികളുമായാണ് പ്രീമിയർ ലീഗ് മുന്നോട്ട് പോവുന്നത്. ഗവൺമെന്റിന്റെ ആരോഗ്യ സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ട്‌ വേണം മത്സരം നടത്തേണ്ടതെന്നും ഗവൺമെന്റ് വൃത്തങ്ങൾ പ്രീമിയർ ലീഗ് സംഘടകരെ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ ഒത്തുകൂടുന്നത് തടയാൻവേണ്ട നടപടികൾ ക്ലബ്ബുകൾ കൈക്കൊള്ളുകയും വേണം.  നിലവിൽ പ്രീമിയർ ലീഗിൽ ഈ സീസണിൽ 92 മത്സരങ്ങളാണ് പൂർത്തിയാവാൻ ഉള്ളത്.