ബ്രൈറ്റണെയും കീഴടക്കി; എമരിക്ക് കീഴിൽ വീണ്ടും വിജയവുമായി ആസ്റ്റൻ വില്ല

ഉനയ് എമരിക്ക് കീഴിൽ താളം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ആസ്റ്റൻ വില്ലക്ക് പുതിയ കോച്ചിന് കീഴിൽ പ്രീമിയർ ലീഗിലെ തുടർച്ചയായ രണ്ടാം ജയം. ബ്രൈറ്റണെ അവരുടെ തട്ടകത്തിൽ വെച്ച് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വില്ല കീഴടക്കിയത്. മാക് അലിസ്റ്റർ ബ്രൈറ്റൺ വേണ്ടി ഗോൾ നേടിയപ്പോൾ ഡാനി ഇങ്സിന്റെ ഇരട്ട ഗോളുകൾ ആണ് ആസ്റ്റൻ വില്ലക്ക് സഹായമായത്.

സ്വന്തം തട്ടകത്തിൽ ആദ്യ മിനിറ്റിൽ തന്നെ ബ്രൈറ്റൺ ഗോൾ നേടുന്നത് കണ്ടാണ് മത്സരം ഉണർന്നത്. എമിലിയാനോ മാർട്ടിനസ് വെച്ചു താമസിപ്പിച്ചു നൽകിയ പാസ് റാഞ്ചിയെടുത്ത അലിസ്റ്ററിന് പോസ്റ്റിലേക്ക് തൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. പതിനെട്ടാം മിനിറ്റിലാണ് സമനില ഗോൾ എത്തിയത്. മാക്ഗിനിനെ ഡങ്ക് ഫൗൾ ചെയ്തപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. കിക്ക് എടുത്ത ഇങ്സിന് പിഴച്ചില്ല. ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

ആദ്യ ഗോൾ വഴങ്ങിയ ശേഷം കൂടുതൽ ഉത്തരവാദിത്വത്തോടെയാണ് വില്ല ഡിഫെൻസി പിന്നീട് മത്സരത്തിൽ ഉടനീളം കളിച്ചത്. ബ്രൈറ്റണ് സമീപകാലത്തെ മികച്ച ഫോം മത്സരത്തിൽ പുറത്തെടുക്കാൻ ആയില്ല. രണ്ടാം പകുതിയിൽ അൻപതിമൂന്നാം മിനിറ്റിൽ വില്ലയുടെ വിജയ ഗോൾ എത്തി. പെനാൽറ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനടയിൽ ഇങ്‌സ് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഡിഫ്ലക്ഷനോടെ പോസ്റ്റിലേക്ക് ഉരുണ്ടു കയറി. പിന്നീടും പ്രതിരോധം കടുപ്പിക്കാൻ എമരി തീരുമാനിച്ചതോടെ കൂടുതലും ബ്രൈറ്റണിന്റെ കാലുകളിൽ ആയിരുന്നു പന്ത്. എന്നാൽ ലക്ഷ്യത്തിൽ എത്താൻ അവർക്കായില്ല. ഗ്രോസ് ബോക്സിലേക്ക് നീട്ടി നൽകിയ ബോൾ മാർക്ക് ചെയ്യപ്പെടാതെ നിന്ന കോൾവിൽ പുറത്തേക്ക് ഹെഡ് ചെയ്തിട്ടപ്പോൾ ആരാധകരും കോച്ചും ഒരു പോലെ അന്തിച്ചു പോയി. പിന്നീട് എട്ട് മിനിറ്റോളം ഇഞ്ചുറി ടൈം ലഭിച്ചിട്ടും ബ്രൈറ്റണ് തോൽവി ഒഴിവാക്കാൻ ആയില്ല.