ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ എവർട്ടൺ നിരയിൽ സൂപ്പർ താരം ഹാമസ് റോഡ്രിഗസ് കളിക്കില്ലെന്ന് പരിശീലകൻ അഞ്ചലോട്ടി. കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. കഴിഞ്ഞ ആഴ്ചയിൽ നടന്ന ബേൺലിക്കെതിരായ മത്സരത്തിനിടെയാണ് ഹാമസ് റോഡ്രിഗസിന് പരിക്കേറ്റത്. തുടർന്ന് താരം ടീമിനൊപ്പം ഇതുവരെ പരിശീലനം നടത്തിയിട്ടില്ലെന്ന് അഞ്ചലോട്ടി വ്യക്തമാക്കി.
സ്വന്തം ഗ്രൗണ്ടിൽ നടന്ന അവസാന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട എവർട്ടണ് ഹാമസ് റോഡ്രിഗസിന്റെ പരിക്ക് വമ്പൻ തിരിച്ചടിയാണ്. പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ചെൽസിക്കെതിരെ സൂപ്പർ താരം ഇല്ലാതെ എവർട്ടൺ ഇറങ്ങേണ്ടി വരും. റോഡ്രിഗസിനെ കൂടാതെ സീമസ് കോൾമാനും മിഡ്ഫീൽഡർ ഫാബിയൻ ഡെൽഫും നാളെ ചെൽസിക്കെതിരെ ഇറങ്ങില്ല. അതെ സമയം ചെൽസി നിരയിൽ പരിക്ക് മൂലം ഹകീം സീയെച്ചും ഹഡ്സൺ ഒഡോയിയും ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല.













