ചില താരങ്ങൾ ടീം വിട്ടുപോവുമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗ്വാർഡിയോള

Staff Reporter

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചില താരങ്ങൾ മാഞ്ചസ്റ്റർ സിറ്റി വിട്ടുപോവുമെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഉള്ള താരങ്ങൾ ഒരുപാട് കാലം ടീമിൽ തുടരേണ്ടവരാണെന്നും എന്നാൽ ഓരോ വർഷവും സാഹചര്യങ്ങൾ വ്യത്യസ്‍തമാണെന്നും ചില താരങ്ങൾ അവർക്ക് ലഭിക്കുന്ന റോളുകൾ അംഗീകരിക്കണമെന്നില്ലെന്നും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു. ഇന്ന് പ്രീമിയർ ലീഗിൽ ആഴ്സണലിനെ നേരിടാനിരിക്കെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ പ്രതികരണം.

ചില താരങ്ങൾ പ്രായം കൊണ്ടോ താരങ്ങളുടെ വ്യക്തിത്വം കൊണ്ടോ ചില റോളുകൾ സ്വീകരിച്ചേക്കാമെന്നും എന്നാൽ ചിലർ ടീമിൽ കളിക്കുന്നില്ലെങ്കിൽ അത് അംഗീകരിക്കുന്നില്ലെന്നും ഗ്വാർഡിയോള പറഞ്ഞു. നിലവിൽ വെറ്ററൻ താരങ്ങളായ സെർജിയോ അഗ്വേറൊയുടെയും ഫെർണാഡിഞ്ഞോയുടെയും മാഞ്ചസ്റ്റർ സിറ്റിയിലെ കരാർ ഈ സീസണിന്റെ അവസാനത്തോടെ അവസാനിക്കുകയും ചെയ്യും.