ഇരട്ട ഗോളുകളുമായി ഗ്രീൻവുഡ്‌, വിജയം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

Mason Greenwood Manchester United Premeir League
- Advertisement -

പ്രീമിയർ ലീഗിൽ വിജയ കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബേൺലിയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 3-1നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ അഞ്ചാമത്തെ വിജയമായിരുന്നു ഇത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. റാഷ്‌ഫോർഡിന്റെ പാസിൽ നിന്ന് ഗ്രീൻവുഡ്‌ ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ യുണൈറ്റഡിന്റെ ലീഡിന് ചെറിയ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. യുണൈറ്റഡ് ഗോൾ നേടി രണ്ട് മിനിറ്റ് കഴിയുന്നതിനിടെ ജെയിംസ് ടർകോസ്‌കിയാണ് ബേൺലി സമനില ഗോൾ നേടിയത്.

തുടർന്ന് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഗ്രീൻവുഡ്‌ തന്നെ യുണൈറ്റഡിന്റെ രണ്ടാമത്തെ ഗോളും നേടുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ എഡിസൺ കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മൂന്നാമത്തെ ഗോളും നേടി അവരുടെ ഗോൾ പട്ടിക പൂർത്തിയാക്കി. പ്രീമിയർ ലീഗിൽ 6 മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 8 പോയിന്റ് മാത്രം പിറകിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

Advertisement