മഹാരാഷ്ട, സിഐഎസ്എഫ്, ആസാം റൈഫിള്‍സ്, പഞ്ചാബ് പ്രീക്വാര്‍ട്ടറിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: 67ാമത് ആള്‍ ഇന്ത്യാ ബി എന്‍ മല്ലിക് പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മഹാരാഷ്ട, സിഐഎസ്എഫ്, ആസാം റൈഫിള്‍സ്, പഞ്ചാബ് പ്രീക്വാര്‍ട്ടറിലേക്ക്. മഹാരാഷ്ട്ര പൊരുതിക്കളിച്ച ആസാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും സിഐഎസ്എഫ് ചണ്ഡിഗഡിനെ അഞ്ചു ഗോളിനും ആസാം റൈഫിള്‍സ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് രാജസ്ഥാനെയും പഞ്ചാബ് ഡല്‍ഹിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കും തകര്‍ത്താണ് വിലപ്പെട്ട നാലു പോയിന്റ് നേടി അവസാന 16ലേക്ക് പ്രതീക്ഷ പുലര്‍ത്തിയത്.

മികച്ച കളിയാണ് മഹാരാഷ്ട്രയും ആസാമും കാഴ്ചവെച്ചത്. മഹാരാഷ്ട്രക്ക് വേണ്ടി 23-ാം മിനിറ്റില്‍ മിശാല്‍ പാട്ടീലും കൈലാസ് പര്‍ഡി 42-ാം മിനിറ്റിലും ഗോള്‍ നേടി. അവസാന നിമിഷം പതിയെ കളിയിലേക്ക് തിരിച്ചു വന്ന ആസാം പോലീസ് 80-ാം മിനിറ്റില്‍ ചിത്രജിത് ചുഡിയയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. ആസാമിന്റെ വിശ്വജിത് ബോറ രണ്ട് തവണ മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ ടീം പത്തുപേരായി ചുരുങ്ങിയാണ് കളി പൂര്‍ത്തിയാക്കിയത്.

ആവേശകരമായ മറ്റൊരു പോരാട്ടത്തില്‍ മേഘാലയ മണിപ്പൂരിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കഷ്ടിച്ച് മറികടന്നു. സെല്‍സന്‍ സാങ്മയും രാജ ശതാപും വിജയികളുടെ ഗോള്‍ നേടി. ദയാനന്ദ മണിപ്പൂരിന്റെ ആശ്വാസ ഗോള്‍ നേടി. മറ്റു മത്സരങ്ങളില്‍ ബംഗാള്‍ ആന്ധ്രയെ നാലു ഗോളുകള്‍ക്ക് തോല്‍പിച്ചു. അനുപംദത്ത ഹാട്രിക് നേടി. ജമ്മു കശ്മീര്‍-ആര്‍പിഎഫ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 9ന് നടന്ന മത്സരത്തില്‍ മഹാരാഷ്ട്രാ ഉത്തര്‍പ്രദേശിനേയും(2-0) ജാര്‍ഖണ്ഡ് ഒരു ഗോളിന് ലക്ഷദ്വീപിനേയും തമിഴ്‌നാട് മറുപടിയില്ലാത്ത രണ്ട്‌ഗോളിന് പോണ്ടിച്ചേരിയേയും തോല്‍പിച്ചു.

ചാംപ്യന്മാര്‍ക്ക് വിജയം

മലപ്പുറം: നിലവിലെ ചാംപ്യന്മാരായ ബിഎസ്എഫിന് വിജയം. നിലമ്പൂര്‍ എംഎസ്പി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാഗാലാന്റിനെയാണ് തോല്‍പിച്ചത്(2-1). ചാംപ്യന്മാരുടെ കളി കാഴ്ചവെച്ച ബിഎസ്എഫ് നോര്‍ത്ത് ഈസ്റ്റിന്റെ കരുത്തുമായെത്തിയ നാഗാലാന്റിനെ കഠിന പരിശ്രമത്തിലൂടെയാണ് വിജയം നേടിയത്. നാലാം മിനിറ്റില്‍ തന്നെ ലിമ നാഗാലാന്റിനെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ബിഎസ്എഫ് മുറവേറ്റ സിംഹത്തെപ്പോലെ ആഞ്ഞടിച്ചു. എന്നാല്‍ നാഗാലാന്റ് പ്രതിരോധത്തെ മറികടക്കാന്‍ 80-ാംമിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. വിജയികളുടെ വിജയ ഗോള്‍ വീണത് ഇഞ്ച്വറി ടൈമിലായിരുന്നു. രണ്ടു ഗോളും നേടിയത് എസ് എ നിലാംപര്‍ ആണ്. മത്സരം കടുത്തതിനാല്‍ നാഗാലാന്റ് താരങ്ങള്‍ നാല് തവണയും ബിഎസ്എഫ് രണ്ട് തവണയും മഞ്ഞക്കാര്‍ഡ് കണ്ടു. ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, അസി. കമ്മാണ്ടന്റ് എ സക്കീര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ഒഡീഷയും ഐടിബിപിയും ഓരോ ഗോളടിച്ച് സമനില പാലിച്ചു.