ഇംഗ്ലണ്ടിനെ വീഴ്ത്തി ഓറഞ്ച് പട യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിനെ 3-1 നാണ് കൂമാന്റെ നെതർലൻഡ് പട്ടാളം മറികടന്നത്. മത്സരത്തിൽ തുടക്കത്തിൽ ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്. ഫൈനലിൽ പോർച്ചുഗലാണ് നെതർലൻഡിന്റെ എതിരാളികൾ.
കൂമാന്റെ യുവ ടീമിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന താരമായ ഡി ലൈറ്റ് വരുത്തിയ വമ്പൻ പിഴവിൽ നിന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാർകസ് റാഷ്ഫോർഡാണ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ആ ലീഡ് 73 മിനുട്ട് വരെ അവർ തുടരുകയും ചെയ്തു. പക്ഷെ 74 ആം മിനുട്ടിൽ പിഴവിന് പ്രായശ്ചിത്തം ചെയ്യാൻ എന്ന മട്ടിൽ ഡി ലൈറ്റ് തന്നെ നേടിയ ഗോളിലാണ് നെതർലൻഡ് സമനില പിടിച്ചത്. പിന്നീടുള്ള സമയമത്രയും ഗോൾ പിറക്കാതായതോടെ മത്സരം എക്സ്ട്രാ ടൈമിലേക് നീണ്ടു.
എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ട് ഡിഫൻഡർ ജോണ് സ്റ്റോൻസ് വരുത്തിയ പിഴവിൽ നിന്നാണ് ഓറഞ്ച് പട ലീഡ് നേടിയത്. 107 ആം മിനുറ്റിലാണ് ഈ ഗോൾ പിറന്നത്. സ്റ്റോൻസ് വരുത്തിയ പിഴവ് രക്ഷിക്കാൻ ഉള്ള ശ്രമത്തിന് ഇടയിൽ കെയിൽ വാൾക്കർ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. പിന്നീട് 114 ആം മിനുട്ടിൽ പ്രോമസ് നേടിയ ഗോളോടെ ഇംഗ്ലണ്ട് പതനം പൂർത്തിയായി.