ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിൽ ഒഡീഷ എഫ്.സി പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ക്ലബ്ബിന്റെ പങ്കാളിത്തത്തെക്കുറിച്ച് ആഴ്ചകളായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. കഴിഞ്ഞ ഓഗസ്റ്റിൽ താരങ്ങളുടെ കരാറുകൾ മരവിപ്പിക്കുകയും ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നിവയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തതിനെത്തുടർന്ന് ഒഡീഷ എഫ്.സിയുടെ ഭാവി ആശങ്കയിലായിരുന്നു.

എന്നാൽ പുതിയ തീരുമാനത്തോടെ ലീഗിലെ മുഴുവൻ 14 ടീമുകളും സീസണിൽ മാറ്റുരയ്ക്കുമെന്ന് ഉറപ്പായി. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന ടൂർണമെന്റ് ‘സിംഗിൾ ലെഗ്’ ഫോർമാറ്റിലായിരിക്കും നടക്കുക. ഷെഡ്യൂൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനായി പങ്കാളിത്തം ഉറപ്പാക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു. ഒഡീഷയുടെ അഭാവം മത്സരങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഇടയാക്കുമായിരുന്നു.









