നൈജീരിയയുടെ ഇതിഹാസ താരം ജോൺ ഒബി മിക്കേൽ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. നൈജീരിയൻ താരമായ മിക്കേൽ സോഷ്യൽ മീഡിയ വഴിയാണ് തന്റെ വിരമിക്കൽ കാര്യം പ്രഖ്യാപിച്ചത്. നിലവിൽ ടർക്കിഷ് ക്ലബ്ബായ ട്രാസോൻസ്പോറിന്റെ താരമാണ് മിക്കേൽ.
32 വയസുകാരനായ മിക്കേൽ 2005 മുതൽ നൈജീരിയൻ ദേശീയ ടീം അംഗമാണ്. 2014, 2018 ലോകകപ്പിലും 5 ആഫ്രിക്കൻ നേഷൻസ് കപ്പ് മത്സരങ്ങളിലും താരം നൈജീരിയൻ ദേശീയ ടീം ജേഴ്സി അണിഞ്ഞിട്ടുണ്ട്. 2013 ൽ നേഷൻസ് കപ്പ് കപ്പ് നേടിയ നൈജീരിയൻ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു മിക്കേൽ. നൈജീരിയയയുടെ ക്യാപ്റ്റൻ പദവിയും അലങ്കരിച്ചിട്ടുണ്ട്. യുവ താരങ്ങൾക്കും നിലവിൽ ടീമിൽ ഉള്ളവർക്കും കൂടുതൽ അവസരങ്ങൾ നൽകുക എന്നതിന് വേണ്ടിയാണ് തന്റെ വിരമിക്കൽ എന്നാണ് താരം തന്റെ വിരമിക്കലിന് കാരണമായി പറയുന്നത്.
പ്രീമിയർ ലീഗിൽ ചെൽസിക്ക് വേണ്ടി ഏറെ വർഷങ്ങൾ കളിച്ച താരം പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് അടക്കം നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. പ്രധാനമായും ഡിഫൻസീവ് മിഡ്ഫീൽഡ് റോളിലാണ് താരം കളിക്കുന്നത്. നൈജീരിയക്ക് വേണ്ടി 88 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.