നെയ്മർ ഗോളടിച്ചിട്ടും അഞ്ച് വർഷത്തിന് ശേഷം പി.എസ്.ജിക്ക് തോൽവി

ഫ്രഞ്ച് ലീഗ് കപ്പിൽ പി.എസ്.ജിക്ക് ഞെട്ടിക്കുന്ന തോൽവി. ഗുയിൻഗാമ്പിനോടാണ് നെയ്മറും സംഘവും തോൽവിയേറ്റുവാങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകളാക്കായിരുന്നു ഗുയിൻഗാമ്പിന്റെ ജയം. ഡൊമസ്റ്റിക് കപ്പിൽ അഞ്ച് വർഷത്തിനിടെ ആദ്യമായിട്ടാണ് പി.എസ്.ജി ഒരു മത്സരം തോൽക്കുന്നത്.  നിലവിലെ ഫ്രഞ്ച് ലീഗ് കപ്പ് ജേതാക്കളും കൂടിയാണ് പി.എസ്.ജി. കഴിഞ്ഞ അഞ്ചു തവണയും ഫ്രഞ്ച് ലീഗ് കപ്പിൽ പി.എസ്.ജി ആയിരുന്നു ജേതാക്കൾ.

ലീഗ് 1ൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഗുയിൻഗാമ്പിനെതിരെ നെയ്മറും എംബപ്പേയും തിയഗോ സിൽവയുമടങ്ങിയ ശക്തമായ നിരയെയാണ് പി.എസ്.ജി അണിനിരത്തിയത്. എന്നാൽ ആദ്യ പകുതിയിൽ മികച്ച പ്രതിരോധം തീർത്ത ഗുയിൻഗാമ്പ് പി.എസ്.ജിയുടെ പേരുകേട്ട ആക്രമണ നിരയെ തടഞ്ഞു നിർത്തി.

തുടർന്ന് രണ്ടാം പകുതിയിൽ പി.എസ്.ജിക്കെതിരെ മുൻപിലെത്താൻ ഗുയിൻഗാമ്പിന് പെനാൽറ്റിയിലൂടെ മികച്ചൊരു അവസരം ലഭിച്ചെങ്കിലും കിക്ക്‌ എടുത്ത മർക്കസ് തുറാം പെനാൽറ്റി പുറത്തടിച്ചു കളയുകയായിരുന്നു. ഗുയിൻഗാമ്പ് ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയത് മുതലെടുത്ത് പി.എസ്.ജി തൊട്ടടുത്ത മിനുട്ടിൽ തന്നെ ഗോൾ നേടി മത്സരത്തിൽ ലീഡ് സ്വന്തമാക്കി. മുനീറിന്റെ ക്രോസിൽ നിന്ന് നെയ്മറാണ് ഗോൾ നേടിയത്.

തുടർന്നാണ് മത്സരത്തിന്റെ ഗതി നിർണയിച്ച രണ്ട് പെനാൽറ്റികൾ കണ്ടത്. ഗുയിൻഗാമ്പിന് വേണ്ടി ആദ്യം യെനി എൻബാക്കോട്ടോയും ഇഞ്ചുറി ടൈമിൽ നേരത്തെ പെനാൽറ്റി നഷ്ടപ്പെടുത്തിയ മർക്കസ് തുറാമും പെനാൽറ്റികൾ ഗോളാക്കി പി.എസ്.ജിയുടെ തോൽവി ഉറപ്പിക്കുകയായിരുന്നു. ലീഗ് 1ൽ ഏറ്റവും മോശം പ്രതിരോധ റെക്കോർഡുള്ള ഗുയിൻഗാമ്പിനോടുള്ള തോൽവി പി.എസ്.ജിക്ക് കനത്ത തിരിച്ചടിയാണ്.