സൗദി പ്രോ ലീഗിന്റെ മാറ്റത്തിന് തുടക്കമിട്ടത് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് ബ്രസീൽ ഫോർവേഡ് നെയ്മർ. അൽ-ഹിലാലിൽ എത്തിയ നെയ്മർ ആദ്യമായി നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയെ കുറിച്ചും സൗദി ലീഗിനെ കുറിച്ചും സംസാരിച്ചത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ നേരിടാൻ കാത്തിരിക്കുകയാണെന്നു നെയ്മർ കൂട്ടിച്ചേർത്തു.
“ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിനെല്ലാം തുടക്കമിട്ടതെന്ന് ഞാൻ വിശ്വസിക്കുന്നു, റൊണാൾഡോ സൗദിയിലേക്ക് വന്നപ്പോൾ എല്ലാവരും അവനെ ‘ഭ്രാന്തൻ’എന്നും മറ്റും വിളിച്ചു. ഇന്ന് ലീഗ് കൂടുതൽ കൂടുതൽ വളരുന്നത് നിങ്ങൾ കാണുന്നു,” നെയ്മർ പറഞ്ഞു.
“സൗദി ലീഗിന്റെ മാറ്റങ്ങൾ ആവേശകരമാണ്, ഇവിടെയുള്ള മറ്റ് ടീമുകളിലെ മികച്ച നിലവാരമുള്ള കളിക്കാരെ കണ്ടുമുട്ടുന്നത് നിങ്ങളെ ആവേശഭരിതരാക്കുകയും കൂടുതൽ നന്നായി കളിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ റൊണാൾഡോ, ബെൻസെമ, ഫിർമിനോ എന്നിവരെ നേരിടാൻ താൻ കാത്തിരിക്കുകയാണ്,” നെയ്മർ പറഞ്ഞു.