ഈ വർഷം ജൂലൈയിൽ നടക്കുന്ന ഒളിമ്പിക്സ് ഫുട്ബോളിൽ ബ്രസീൽ ടീമിൽ നെയ്മറിനെയും വേണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിന്റെ ഒളിമ്പിക്സ് ഫുട്ബോൾ കോച്ച് ആൻഡ്രെ ജാർദിൻ. നിലവിൽ ഒളിമ്പിക്സ് ചാമ്പ്യന്മാരാണ് ബ്രസീൽ. 2016ൽ നെയ്മറിന്റെ കൂടെ മികവിൽ ആയിരുന്നു ബ്രസീൽ ഒളിമ്പിക്സ് ഫുട്ബോൾ കിരീടം നേടിയത്. നെയ്മർ ആണ് ബ്രസീലിലെ ഏറ്റവും മികച്ച ഫുട്ബോളർ എന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടീമിൽ ഉണ്ടാകണം എന്നാണ് താൻ ആഗ്രഹിക്കിന്നത് എന്നും ബ്രസീൽ പരിശീലകൻ പറഞ്ഞു.
എന്നാൽ നെയ്മർ ഒളിമ്പിക്സിൽ കളിക്കാൻ സാധ്യത ഇല്ല. ജൂണിൽ ബ്രസീലിന് കോപ അമേരിക്ക മത്സരങ്ങൾ ഉണ്ട്. അത് കഴിഞ്ഞു പത്ത് ദിവസങ്ങൾക്ക് അകം ഒളിമ്പിക്സ് ആരംഭിക്കും. ഒളിമ്പിക്സ് ഫുട്ബോൾ കഴിയുമ്പോഴേക്ക് ലീഗ് വൺ സീസൺ തുടങ്ങുകയും ചെയ്യും. അതുകൊണ്ട് തന്നെ പി എസ് ജി നെയ്മറിനെ വിട്ടു കൊടുക്കാനും സാധ്യത ഇല്ല. ഒളിമ്പിക്സിൽ ഒരോ ടീമിലും മൂന്ന് സീനിയർ താരങ്ങളെ മാത്രമെ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. 18 അംഗ സ്ക്വാഡിൽ 15 പേർ നിർബന്ധമായും അണ്ടർ 23 താരങ്ങൾ ആയിരിക്കണം.