ലോകകപ്പിനിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ അംഗീകരിച്ച് ബ്രസീൽ താരം നെയ്മർ. ലോകകപ്പിനിടെ നെയ്മർ പതിവായി ഗ്രൗണ്ടിൽ വീഴുന്നു എന്ന പരാതിയുമായി വിമർശകർ രംഗത്തെത്തിയിരുന്നു. എന്നാൽ താൻ നിരന്തരമായി ഫൗളിന് വിധേയനായിരുന്നു എന്ന് പറഞ്ഞ നെയ്മർ താൻ കുറച്ച് അധികമായി ഗ്രൗണ്ടിൽ വീണിരുന്നു എന്നും പറഞ്ഞു. തനിക്കെതിരെ വരുന്ന ആരോപണങ്ങളെ താൻ സ്വീകരിക്കാൻ തയ്യാറാണെന്നും താൻ ഇനി മുതൽ ഒരു പുതിയ മനുഷ്യൻ ആണെന്നും നെയ്മർ പറഞ്ഞു.
“നിങ്ങൾ വിചാരിക്കുണ്ടാവും പലപ്പോഴും ഞാൻ അഭിനയിക്കുകയാണെന്ന്, ചില സമയങ്ങളിൽ ഞാൻ അത് ചെയ്യാറുണ്ട്, പാക്ഷേ പലസമയങ്ങളിലും ഫൗളിന്റെ കാഠിന്യം കൊണ്ടാണ് ഞാൻ ഗ്രൗണ്ടിൽ വീണത്. ഞാൻ പലപ്പോഴും മര്യാദയില്ലാത്തവനായി നിങ്ങൾക്ക് തോന്നുന്നത് എന്റെ നിരാശകളെ ഞാൻ കൈകാര്യം ചെയ്യാൻ പഠിക്കാത്തത് കൊണ്ടാണ്. എന്റെ ഉള്ളിൽ ഇപ്പോഴും ഒരു കുട്ടിത്തം ഉണ്ട്, അത് മനസ്സിൽ തന്നെ സൂക്ഷിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷെ ആ കുട്ടിത്തം ഞാൻ ഒരിക്കലും ഗ്രൗണ്ടിൽ പുറത്തെടുക്കാറില്ല ” നെയ്മർ പറഞ്ഞു.
ലോകകപ്പിലെ ആരോപണങ്ങൾക്ക് പുറമെ ഫിഫയുടെ മികച്ച കളിക്കാരെ കണ്ടെത്താനുള്ള ദി ബെസ്റ്റ് പട്ടികയിലും നെയ്മർ ഇടം നേടിയിരുന്നില്ല. തങ്ങളുടെ ആറാമത്തെ ലോകകപ്പ് പ്രതീക്ഷയുമായി ലോകകപ്പിന് ഇറങ്ങിയ നെയ്മറും സംഘവും ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് തോറ്റ് പുറത്തായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial