യുഫേഫ നേഷൻസ് ലീഗിൽ വമ്പൻ ജയവും ആയി സെർബിയ. സ്ലൊവേനിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് അവർ തകർത്തത്. സെർബിയൻ ആധിപത്യം കണ്ട മത്സരത്തിൽ അവരുടെ എക്കാലത്തെയും ഗോൾ വേട്ടക്കാരൻ അലക്സാണ്ടർ മിട്രോവിച് ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ മിട്രോവിച് 24 മത്തെ മിനിറ്റിൽ ഗോൾ നേടി. എന്നാൽ 30 മത്തെ മിനിറ്റിൽ സ്ലൊവേനിയ പീറ്റർ സ്റ്റോജനോവിച്ചിലൂടെ മത്സരത്തിൽ ഒപ്പമെത്തി.
രണ്ടാം പകുതിയിൽ തുസാൻ ടാഡിച്, ലൂക ജോവിച് എന്നിവർ സെർബിയക്ക് ആയി കളത്തിൽ ഇറങ്ങി. 56 മത്തെ മിനിറ്റിൽ ടാഡിച് നൽകിയ പാസിൽ നിന്നു മിലിങ്കോവിച് സാവിച് സെർബിയയെ വീണ്ടും മത്സരത്തിൽ മുന്നിലെത്തിച്ചു. തുടർന്ന് 85 മത്തെ മിനിറ്റിൽ സിവ്കോവിചിന്റെ പാസിൽ നിന്നു ഗോൾ നേടിയ ജോവിച് സെർബിയൻ ജയം ഉറപ്പിച്ചു. 92 മത്തെ മിനിറ്റിൽ ടാഡിചിന്റെ പാസിൽ നിന്നു റഡോൻജിക് ആണ് സെർബിയൻ ജയം പൂർത്തിയാക്കിയത്.