ചരിത്രത്തിൽ ആദ്യമായി സ്‌പെയിനിനെ തോൽപ്പിച്ചു ഉക്രൈൻ, ഷെവ്ഷെങ്കോ വിപ്ലവം തുടരുന്നു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

നേഷൻസ്‌ ലീഗിൽ ലൂയിസ് എൻറിക്കയുടെ സ്പാനിഷ് പടയെ അട്ടിമറിച്ചു ചരിത്രം എഴുതി ആന്ദ്ര ഷെവ്ഷെങ്കോയുടെ ഉക്രൈൻ. എതിരില്ലാത്ത ഒരു ഗോളിന് സ്‌പെയിനിനെ തോൽപ്പിച്ച ഉക്രൈൻ ഇത് ചരിത്രത്തിൽ ആദ്യമായാണ് സ്‌പെയിനിനെ തോല്പിക്കുന്നത്. മത്സരത്തിൽ 72 ശതമാനം സമയവും പന്ത് കൈവശം വച്ച 21 ഷോട്ടുകൾ ഉതിർത്ത സ്‌പെയിനിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കൊണ്ടാണ് ഉക്രൈൻ തങ്ങളുടെ ആരാധകരുടെ മുന്നിൽ ചരിത്ര ജയം സ്വന്തമാക്കിയത്. ഗോൾ കീപ്പർ ഹിരോഷി ബുഷ്ച്ചനും പ്രതിരോധനിരക്കാരും സ്പാനിഷ് മുന്നേറ്റത്തിനു മുന്നിൽ മതിലായി നിന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരൻ ആയി വന്ന വിക്ടർ സഞ്ചകോവ് ആണ് ഉക്രൈനു ജയം സമ്മാനിച്ചത്.

മത്സരത്തിന്റെ 75 മത്തെ മിനിറ്റിൽ ഉക്രൈൻ ഗോൾ കീപ്പർ ഉയർത്തി അടിച്ച പന്ത് ഹെഡ് ചെയ്ത ഇടത് ബാക്കിൽ നിന്നു പന്ത് സ്വീകരിച്ച വെസ്റ്റ് ഹാം താരം ആന്ദ്ര യമലങ്കോയുടെ അതുഗ്രൻ പാസ് ആണ് ഉക്രൈനു ഗോൾ അവസരം തുറന്നത്. മുന്നിലേക്ക് കേറി നിന്ന സ്പാനിഷ് കീപ്പർ ഡി ഹെയുടെ പിഴവ് സഞ്ചകോവ് മുതലെടുക്കുക ആയിരുന്നു. മത്സരത്തിൽ ഉക്രൈന്റെ ഏക ഗോൾ ശ്രമവും ഇത് ആയിരുന്നു. സ്‌പെയിനിന് എതിരായ ജയത്തോടെ പൂൾ എയിൽ ഗ്രൂപ്പ് ഡിയിൽ സ്പെയിനിന് ഒരു പോയിന്റ് മാത്രം പിറകിൽ ജർമ്മനിക്ക് ഒപ്പമാണ് ഉക്രൈന്റെ സ്ഥാനം. നിലവിൽ ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ജർമ്മനി ആണ് ഗ്രൂപ്പിൽ രണ്ടാമത്.ഇതിഹാസതാരം ഷെവ്ഷെങ്കോ പരിശീലകൻ ആയ ശേഷം യുവതാരങ്ങൾ അനവധിയുള്ള ഉക്രൈൻ മികച്ച പ്രകടനങ്ങൾ ആണ് പുറത്ത് എടുക്കുന്നത്.