6 ഗോൾ ത്രില്ലറിൽ മൂന്നു ഗോൾ വീതമടിച്ച് ജർമ്മനിയും സ്വിറ്റ്സർലൻഡും സമനിലയിൽ പിരിഞ്ഞു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

നേഷൻസ്‌ ലീഗിൽ ജർമ്മനിക്ക് മേൽ അട്ടിമറി ജയം നേടാനുള്ള അവസരം കളഞ്ഞു കുളിച്ച് സ്വിറ്റ്സർലൻഡ്. 6 ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നു പ്രാവശ്യം മുന്നിട്ട് നിന്ന ശേഷം ആണ് സ്വിസ് ടീമിനു സമനില വഴങ്ങേണ്ടി വന്നത്. മത്സരത്തിൽ ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബോൾ ആണ് പുറത്ത് എടുത്തത്. പന്ത് കൈവശം വക്കുന്നതിൽ ജർമ്മനിക്ക് മുൻതൂക്കം ഉണ്ടായിരുന്നു എങ്കിലും ഗോൾ അവസരങ്ങൾ തുറക്കുന്നതിൽ ഇരു ടീമുകളും സമാസമം ആയിരുന്നു. മത്സരത്തിലെ അഞ്ചാം മിനിറ്റിൽ തന്നെ മരിയോ ഗവരനോവിച് ഒരു ഹെഡറിലൂടെ സ്വിസ് ടീമിനെ മുന്നിലെത്തിച്ചു.

തുടർന്ന് 26 മത്തെ മിനിറ്റിൽ റെമോ ഫ്രുളർ സ്വിസ് ടീമിനായി രണ്ടാം ഗോൾ കണ്ടത്തി. രണ്ടു ഗോളിന് പിറകിലായതോടെ ജർമ്മനി കൂടുതൽ ഉണർന്നു കളിക്കാൻ തുടങ്ങി. ഇതിന്റെ ഫലം ആയിരുന്നു 28 മിനിറ്റിൽ തിമോ വെർണർ ജർമ്മനിക്ക് ആയി നേടിയ ആദ്യ ഗോൾ. തുടർന്ന് രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ മികച്ച ഒരു ഗോൾ കണ്ടത്തിയ കായ് ഹാവർട്ട്സ് ജർമ്മനിക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ ഗോൾ നേടി തൊട്ടടുത്ത നിമിഷം തന്നെ സെഫറോവിച്ചിന്റെ 2 ഷോട്ടുകൾ തടുത്ത മാനുവൽ ന്യൂയറിനെ കാഴ്ചക്കാരനാക്കി ഒരു അതുഗ്രൻ അടിയിലൂടെ ഗവരനോവിച് തന്റെ രണ്ടാം ഗോളും സ്വിസ് ടീമിന്റെ മൂന്നാം ഗോളും കണ്ടത്തി. ഇരു ടീമുകളും പ്രതിരോധിക്കാൻ ബുദ്ധിമുട്ടിയ മത്സരത്തിൽ എപ്പോൾ വേണമെങ്കിലും ഗോൾ വീഴും എന്ന പ്രതീതി ആയിരുന്നു.

ഇതിന്റെ ഫലം ആയിരുന്നു 60 മത്തെ മിനിറ്റിൽ ജർമ്മനിക്ക് ആയി ഗനാബ്രി നേടിയ സമനില ഗോൾ. വെർണറിന്റെ പാസിൽ നിന്നു ബുദ്ധിപൂർവ്വമായ ഒരു ബാക്ക് ഹീലിലൂടെയാണ് ഗനാബ്രി ജർമ്മനിയെ തോൽവിയിൽ നിന്നു രക്ഷിച്ചത്. തുടർന്നും ഇരു ടീമുകളും വിജയഗോളിന് ആയി പരിശ്രമിച്ചു എങ്കിലും ഗോൾ മാത്രം അകന്നു നിന്നു. മത്സരത്തിന്റെ അവസാന നിമിഷം രണ്ടാം മഞ്ഞ കാർഡ് കണ്ട സ്വിസ് പ്രതിരോധ താരം ഫാബിയൻ ഷാർ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയി. പൂൾ എയിലെ ഡി ഗ്രൂപ്പിൽ മൂന്നാം സമനില ആണ് ജർമ്മനിക്ക് ഇത്. നിലവിൽ 6 പോയിന്റുകളുമായി ഗ്രൂപ്പിൽ സ്‌പെയിനിന് പിറകിൽ രണ്ടാമത് ആണ് ജർമ്മനി.