യുഫേഫ നേഷൻസ് ലീഗിൽ ഒടുവിൽ ഒരു ജയം കണ്ടത്തി മുൻ ലോക ജേതാക്കൾ ആയ ജർമ്മനി. എ പൂളിൽ ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ഉക്രൈനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ജർമ്മനി ജയം കണ്ടത്. ഉക്രൈനു എതിരെ അവരുടെ മൈതാനത്ത് ജർമ്മനി വ്യക്തമായ ആധിപത്യം ആണ് പുലർത്തിയത്. 2018 ൽ തുടങ്ങിയ നേഷൻസ് ലീഗിലെ എട്ടാം മത്സരത്തിൽ തങ്ങളുടെ ആദ്യ ജയം ആണ് ജർമ്മനി ഇന്ന് കുറിച്ചത്.
മത്സരത്തിൽ 73 ശതമാനം സമയവും പന്ത് കൈവശം വച്ച ജർമ്മനി 12 തവണയാണ് ഉക്രൈൻ ഗോൾ ലക്ഷ്യം വച്ച് ഷോട്ട് ഉതിർത്തത്. ഇരുപതാം മിനിറ്റിൽ ഗ്രിന്ററിലൂടെ ആദ്യ ഗോൾ കണ്ടത്തിയ ജർമ്മനിക്ക് 40 മത്തെ മിനിറ്റിൽ ലിയോൻ ഗൊരെറ്റ്സ്ക രണ്ടാം ഗോൾ സമ്മാനിച്ചു. കഴിഞ്ഞ നാലു കളികളിൽ ജർമ്മനിക്ക് ആയി നേടിയ അഞ്ചാം ഗോൾ ആയിരുന്നു ബയേൺ താരത്തിന് ഈ ഗോൾ. രണ്ടാം പകുതിയിൽ 76 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ മാലിനോവിസ്കി ആണ് ഉക്രൈനായി ആശ്വാസഗോൾ കണ്ടത്തിയത്. നിലവിൽ 3 കളികളിൽ നിന്ന് 5 പോയിന്റുകൾ ഉള്ള ജർമ്മനി ഗ്രൂപ്പിൽ സ്പെയിനിന് പിറകിൽ രണ്ടാമത് ആണ്.