ഈ വർഷത്തെ അവസാന രാജ്യാന്തര മത്സരത്തിൽ ഇംഗ്ലണ്ടിന് വൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത്ഗേറ്റിന്റെ ടീം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഐസ്ലാന്റിനെ തോൽപ്പിച്ചത്. നാഷൺസ് ലീഗിൽ ഐസ്ലാന്റ് സമ്പൂർണ്ണ പരാജയമായി ഈ മത്സരത്തോടെ മാറി. അവർ ഈ സീസൺ നാഷൺസ് ലീഗിൽ കളിച്ച ആറു മത്സരങ്ങളും പരാജയപ്പെടുകയാണ് ഉണ്ടായത്.
ഇന്നലെ ആദ്യ 24 മിനുട്ടിൽ തന്നെ ഇംഗ്ലണ്ട് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 20ആം മിനുട്ടിൽ മധ്യനിര താരം ഡെക്ലൻ റൈസ് ആണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്. റൈസിന്റെ ആദ്യ സീനിയർ ദേശീയ ടീം ഗോളായിരുന്നു ഇത്. പിന്നാലെ 24ആം മിനുട്ടിൽ ചെൽസിയുടെ യുവതാരം മേസൺ മൗണ്ട് ലീഡ് ഇരട്ടിയാക്കി. 54ആം മിനുട്ടിൽ സെവർസൺ ചുവപ്പ് കണ്ട് പത്ത് പേരായി ഐസ്ലന്റ് ചുരുങ്ങി. പിന്നീട് കാര്യങ്ങൾ ഇംഗ്ലണ്ടിന് എളുപ്പമായി.
മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡൻ 80, 84 മിനുട്ടുകളിൽ വല കുലുക്കിയതോടെ ഗോൾ പട്ടിക പൂർത്തിയായി. വിജയിച്ചു എങ്കിലും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ ഇംഗ്ലണ്ടിന് ഇത്തവണ ആയുള്ളൂ.