ഇറ്റാലിയൻ ചാമ്പ്യൻമാരായ നാപോളി ലൂസിയാനോ സ്പല്ലേറ്റിക്ക് പകരക്കാരനായി റൂദി ഗാർഷ്യയെ പുതിയ പരിശീലകനായി നിയമിച്ചു. സീരി എ ടീം വ്യാഴാഴ്ച ഔദ്യോഗികമായി ഈ നിയമനം പ്രഖ്യാപിച്ചു. 59-കാരനായ ഗാർഷ്യ 2013-16 കാലഘട്ടത്തിൽ ഇറ്റലിൽ എഎസ് റോമയെ പരിശീലിപ്പിച്ചിരുന്നു, അതിനുമുമ്പ് ഫ്രഞ്ച് ലീഗ് 1 ടീമുകളായ മാഴ്‌സെയിലും ലിയോണിലും മികവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ സൗദി അറേബ്യൻ ടീമായ അൽ നാസറിനെ മുൻ ഫ്രഞ്ച് താരം പരിശീലിപ്പിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് അദ്ദേഹം അൽ നസർ വിടാനുള്ള ഒരു കാരണമായി. സൗദി പ്രോ ലീഗിൽ അവർ രണ്ടാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്. ഏപ്രിലിൽ ആയിരുന്നു അൽ നാസർ ഗാർഷ്യയെ പുറത്താക്കിയത്.
1990-ന് ശേഷം നാപോളിയെ ആദ്യ ഇറ്റാലിയൻ ലീഗ് കിരീടത്തിലേക്ക് നയിച്ച സ്പല്ലേറ്റി ഒരു വർഷത്തേക്ക് ജോലിയിൽ നിന്ന് ഇടവേള എടുക്കാൻ വേണ്ടിയാണ് നാപ്പോളി പരിശീലക സ്ഥാനം രാജിവെച്ചത്.