ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം മത്സരത്തിലും മുംബൈ സിറ്റിക്ക് പരാജയം. ഇന്ന് എവേ മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ ക്ലബായ നവ്ബഹോറിനെ നേരിട്ട മുംബൈ സിറ്റി 3-0ന്റെ പരാജയം ഏറ്റുവാങ്ങി. ആദ്യ പകുതിയിൽ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയത് മുംബൈ സിറ്റിക്ക് തിരിച്ചടിയായി. മത്സരം 0-0 എന്ന നിലയിൽ ഇരിക്കെ 43ആം മിനുട്ടിൽ ആയിരുന്നു മുംബൈ സിറ്റിക്ക് പെനാൾട്ടി കിട്ടിയത്. എന്നാൽ ഗ്രെഗ് സ്റ്റുവർട്ടിന് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.
രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ഇസ്കെന്ദറോവ് നവ്ബഹോറിന് ലീഡ് നൽകി. പിന്നാലെ 58ആം മിനുട്ടിൽ യക്ഷിബോവ് ലീഡ് ഇരട്ടിയാക്കി. അവസാനം അബ്ദുമന്നപോവും നവ്ബഹോറിനായി ഗോൾ നേടി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ നസാജി മസിന്ദരനോടു 2-0 എന്ന സ്കോറിന് മുംബൈ സിറ്റി പരാജയപ്പെട്ടിരുന്നു. ഇപ്പോൾ മുംബൈ സിറ്റി ഗ്രൂപ്പിൽ ഏറ്റവും താഴെ ആണ്. ഇനി ഒക്ടോബർ 23ന് അൽ ഹിലാലിനെതിരെ ആണ് മുംബൈ സിറ്റിയുടെ ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരം.