മാഞ്ചസ്റ്റർ സിറ്റി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി. ഇന്ന് സെവിയ്യയെ തോൽപ്പിച്ച് ആണ് ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ഒരു കിരീടം കൂടെ സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായതിനാൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം വന്നത്. ഷൂട്ടൗട്ടിൽ 5-4നാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. സിറ്റി ഇതാദ്യമായാണ് സൂപ്പർ കപ്പ് നേടുന്നത്.
യൂറോപ്യൻ സൂപ്പർ കപ്പിൽ ഇന്ന് സെവിയ്യക്ക് ആണ് നല്ല തുടക്കം ലഭിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ പതിവ് പ്രസിങ് ടാക്ടിക്സിന് പകരം പ്രസ് ചെയ്ത് ധൈര്യത്തോടെ കളിക്കാൻ സെവിയ്യക്ക് ആയി. മത്സരത്തിൽ 25ആം മിനുട്ടിൽ എൻ നെസിരിയുടെ ഹെഡറിലൂടെ സെവിയ്യ ലീഡ് എടുത്തു. അല്യൂണയുടെ ക്രോസിൽ നിന്നായിരുന്നു നെസിരിയുടെ ഹെഡർ. ഈ ഗോൾ സെവിയ്യക്ക് ലീഡ് നൽകി.
ഈ ലീഡ് മത്സരത്തിന്റെ 63ആം മിനുട്ട് വരെ നീണ്ടുനുന്നു. 63ആം മിനുട്ടിൽ റോഡ്രിയുടെ പാസ് സ്വീകരിച്ച് പാൾമർ സിറ്റിക്ക് സമനില നൽകി. നേരത്തെ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ആഴ്സണലിന് എതിരെയും പാൽമർ ഗോൾ നേടിയിരുന്നു.
90 മിനുട്ടിൽ വിജയ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആകാത്തതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. സിറ്റിക്കായി ആദ്യ പെനാൾട്ടി എടുത്ത ഹാളണ്ട് സെവിയ്യ കീപ്പർ ബോണോ അനായാസം കീഴ്പ്പെടുത്തി സിറ്റിക്ക് ഷൂട്ടൗട്ടിൽ മികച്ച തുടക്കം നൽകി. സെവിയ്യയുടെ കിക്ക് എടുത്ത ഒകോമ്പോസും പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-1.
ഹൂലിയൻ ആൽവാരസ് എടുത്ത സിറ്റിയുടെ രണ്ടാം പെനാൾട്ടി കിക്കും പെർഫെക്ട് ആയിരുന്നു. റാഫ മിയ സെവിയ്യക്ക് ആയും ഗോൾ നേടി. 2-2. സിറ്റിയുടെ പുതിയ സൈനിംഗ് കൊവാചിച് സിറ്റിക്കായി മൂന്നാം ഗോൾ ലക്ഷ്യത്തിൽ എത്തിച്ചു. റാകിറ്റിച് സ്പാനിഷ് ടീമിനായും ലക്ഷ്യം കണ്ടു. സ്കോർ 3-3.
ഗ്രീലിഷിലൂടെ നാലാം കിക്കും സിറ്റി പൊസിഷനിൽ എത്തിച്ചു. മോണ്ടിയൽ സെവിയ്യക്ക് ആയും. സ്കോർ 4-4. സിറ്റിയുടെ നാലാം കിക്ക് എടുത്തത് ക്യാപ്റ്റൻ വാൽക്കർ ആയിരുന്നു. ബോണോ പന്ത് തൊട്ടു എങ്കിലും വലയിൽ നിന്ന് അകറ്റാൻ ആയില്ല. സെവിയ്യയുടെ അഞ്ചാം കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മാഞ്ചസ്റ്റർ സിറ്റി കിരീടം 5-4ന് ഉറപ്പിച്ചു.