സൂപ്പർ താരം ലയണൽ മെസ്സി പരിക്ക് കാരണം കളിക്കാതിരുന്ന മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം. ഇന്ന് മൊറോക്കോയെ നേരിട്ട അർജന്റീന മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ മെസ്സി അടക്കം ഇറങ്ങിയിട്ടും വെനിസ്വേലയോട് നാണംകെട്ട തോൽവി അർജന്റീന ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന് മെസ്സി ഇല്ലാതെ ഇറങ്ങിയപ്പോൾ കൂടുതൽ താളം കണ്ടെത്തി കളിക്കുന്ന അർജന്റീനയെ ആൺ കണ്ടത്.
മൊറോക്കോയുടെ ശക്തമായ നിര ആയത് കൊണ്ട് തന്നെ കളിയുടെ അവസാന നിമിഷങ്ങളിൽ എത്തേണ്ടി വന്നു അർജന്റീനയ്ക്ക് വിജയം സ്വന്തമാക്കാൻ. മത്സരത്തിന്റെ 84ആം മിനുട്ടിൽ അത്ലറ്റിക്കോ മാഡ്രിഡ് താരം കൊറേയ ആണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. നാലു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കൊറേയ ഒരു രാജ്യാന്തര ഗോൾ അർജന്റീനയ്ക്ക് വേണ്ടി സ്കോർ ചെയ്യുന്നത്.