ഈ സീസണിലെ ടോപ്പ് ഫ്ലൈറ്റിലെ സംഭവങ്ങളുടെ ഒരു നിരയെത്തുടർന്ന് വംശീയ അധിക്ഷേപം നടത്തുന്ന ഫുട്ബോൾ ആരാധകർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ അൽവാരോ മൊറാറ്റ ആവശ്യപ്പെട്ടു. ഒസാസുന ആരാധകർ റയൽ മാഡ്രിഡ് താരം വിനീഷ്യസിനെ വംശീയമായി അധിക്ഷേപിച്ചതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു മൊറാട്ട.
ESPN-നോട് സംസാരിച്ച മൊറാട്ട വംശീയാധിക്ഷേപങ്ങൾ ആവർത്തിച്ച് നടക്കുന്നത് കടുത്ത നടപടികൾ ഇല്ലാത്തത് കൊണ്ടാണെന്ന് പറഞ്ഞു. “ആദ്യമായി ഒരു സ്റ്റേഡിയത്തിൽ ഒരാൾ അങ്ങനെ ചെയ്യുമ്പോൾ തന്നെ ആജീവനാന്തം വിലക്കപ്പെടണം,” മൊറാട്ട പറഞ്ഞു. “ഇത് അസ്വീകാര്യമാണ്. ഫുട്ബോളിൽ ഇതിന് ഒരിക്കലും സ്ഥാനമുണ്ടാകരുത്.. അവരെ സ്റ്റേഡിയത്തിന് പുറത്താക്കുക ആണ് വേണ്ടത്”
വംശീയതയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതിൽ സ്പാനിഷ് ഫുട്‌ബോൾ പ്രീമിയർ ലീഗിന്റെ മാതൃക പിന്തുടരേണ്ടതിന്റെ ആവശ്യകതയും മൊറാട്ട എടുത്തുപറഞ്ഞു. “നമുക്ക് പ്രീമിയർ ലീഗിനെ ഉദാഹരണമായി എടുക്കണം. ഒരു ഫുട്ബോൾ മൈതാനത്തോ പുറത്തോ ഒരാൾ ഇത്തരമൊരു കാര്യം ചെയ്താൽ.. അവിടെ ഒരു കായിക മത്സരത്തിലും പിന്നെ അയാളെ കയറ്റില്ല. ഇവിടെ സ്പെയിനിലും അങ്ങനെ തന്നെ വേണം”. ഈ വാരാന്ത്യത്തിൽ നടക്കുന്ന മാഡ്രിഡ് ഡെർബിക്ക് മുന്നോടിയായാണ് മൊറാട്ടയുടെ അഭിപ്രായങ്ങൾ.