അമേരിക്കയിൽ ഏറ്റവും വലിയ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിന്റെ അടഞ്ഞ ഘടന മാറണം എന്ന പരാതിയുമായി അമേരിക്കൻ ക്ലബുകൾ രംഗത്ത്. ഇപ്പോൾ റിലഗേഷനും പ്രൊമോഷനും ഇല്ലാതെയാണ് മേജർ ലീഗ് സോക്കർ മുന്നോട്ട് പോകുന്നത്. എന്നാൽ ഇത് ഫിഫയുടെ നിയമങ്ങൾക്ക് എതിരാണെന്ന് ലോവർ ഡിവിഷനിലെ ക്ലബുകൾ ഫിഫയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.
രാജ്യത്തെ ഫുട്ബോളിന്റെ വളർച്ച താഴോട്ട് പോകാൻ ഇത് കാരണമാകുന്നു. എത്ര തോറ്റാലും ക്ലബിന് ഒന്നും സംഭവിക്കില്ല എന്നതു കൊണ്ട് താരങ്ങൾ അവരുടെ കഴിവിനൊത്ത് അമേരിക്കയിൽ കളിക്കുന്നില്ല എന്നും പരാതിയിൽ പറയുന്നു. പ്രൊമോഷനും റിലഗേഷനും ഇല്ലാത്തത് അമേരിക്കൻ ഫുട്ബോളിനെ പിറകോട്ട് വലിച്ചു എന്ന് നേരത്തെ തന്നെ വിമർശനങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ വരെ അമേരിക്കയ്ക്ക് ആയിരുന്നില്ല.
ഫിഫയുടെ പ്രത്യേക അനുമതിയിൽ ആണ് പ്രൊമോഷനും റിലഗേഷനും ഇല്ലാതെ ഒന്നാം ഡിവിഷൻ നടത്താൻ അമേരിക്കയ്ക്ക് കഴിയുന്നത്. ഇന്ത്യയിലും സമാനമായ രീതിയിലാണ് ഐ എസ് എല്ലും നടക്കുന്നത്. എന്തായാലും ഈ പരാതികൾ ഫിഫ കാര്യമായി പരിഗണിച്ചേക്കില്ല. പണം മുടക്കി കൂടുതൽ ക്ലബുകൾ മേജർ ലീഗ് സോക്കറിന്റെ ഭാഗമാകാൻ ഇരിക്കെ പ്രൊമോഷനും റിലഗേഷനും നടത്താൻ അമേരിക്കൻ ഫുട്ബോൾ അസോസിയേഷനും ഒരുങ്ങില്ല.