വള്ളുവമ്പ്രം: സമൂഹത്തെ അതീവ ജീർണ്ണതയിലേക്ക് നയിക്കും വിധം വിദ്യാർത്ഥികളിലും യുവാക്കളിലും കടന്നു കൂടിക്കൊണ്ടിരിയ്ക്കുന്ന ഗൗരവമേറിയ ലഹരി ഉപയോഗ ശീലത്തിനെതിരെ പുതുമയാർന്ന ഫുട്ബോൾ പ്രദർശനം സംഘടിപ്പിച്ചു കൊണ്ട് അരിമ്പ്ര ജി.വി.എച്ച്.എസ്.എസ്.മൈതാനത്ത് മൂന്നു വർഷമായി സൗജന്യ ഫുട്ബോൾ പരിശീലനം നൽകി വരുന്ന മിഷൻ സോക്കർ അക്കാദമി സമൂഹത്തിന് മികച്ച സന്ദേശം കൈമാറി.
കഴിഞ്ഞ ദിവസം രാവിലെ എഴ് മണി മുതൽ ഒമ്പത് മണി വരെയാണ് അരിമ്പ്ര ജി.വി.എച്ച്.എസ്.സ്കൂൾ മൈതാനത്ത് അക്കാദമിയിലെ നൂറിലധികം താരങ്ങൾ പങ്കെടുത്ത മത്സരം സംഘടിപ്പിച്ചത്. അക്കാദമിയിലെ കുട്ടികളെയും യുവാക്കളെയും രണ്ട് വീതം ടീമുകളാക്കി തിരിച്ച് പ്രത്യേകം പ്രത്യേകം മത്സരങ്ങളാണ് നടത്തിയത്.
കുട്ടികളുടെ മത്സരത്തിലും യുവാക്കളുടെ മത്സരത്തിലും ടീമുകളെ നയിച്ചത് ഭിന്ന ശേഷിക്കാരായ രണ്ട് ഇന്റർനാഷണൽ താരങ്ങളായിരുന്നു എന്നതാണ് ഈ പ്രദർശന ഫുട്ബോളിനെ സാധാരണയിൽ നിന്നും വ്യത്യസ്ഥമാക്കിയത്.
ഉയരക്കുറവുള്ളവരുടെ (ഡ്വോർഫ്) ലോക അത്ലറ്റിക് മീറ്റിൽ കാനഡയിലും അമേരിയ്ക്കയിലും ഇന്ത്യയ്ക്ക് വേണ്ടി യഥാക്രമം ജാവലിൻ ത്രോയിലും ഷോട്ട്പുട്ടിലും സിൽവർ, ബ്രോൺസ് മെഡലുകൾ നേടിയിട്ടുള്ള ആകാശ് എസ്.മാധവൻ നയിച്ച ”ആകാശ് ഇലവനും”,
അംഗ വൈകല്യം സംഭവിച്ചവരുടെ (ആമ്പ്യൂട്ടി) ഏഷ്യൻ ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിലും ഏഷ്യൻ പാരാലിംബിക് വോളിബോളിൽ ഇന്ത്യൻയ്ക്ക് വേണ്ടി കളിയ്ക്കുകയും ചെയ്ത എസ്.ആർ വൈശാഖ് നയിച്ച “വൈശാഖ് ഇലവനും” തമ്മിലായിരുന്നു മത്സരം. ഇരു വിഭാഗം മത്സരങ്ങളിലും വൈശാഖ് ഇലവനായിരുന്നു വിജയം.
“കുട്ടിക്കാലത്ത് ഉയരക്കുറവ് വിദ്യാലയങ്ങളിലും സമൂഹത്തിലും തന്നെ അൽപ്പ സ്വൽപ്പം ഒറ്റപ്പെടുത്തിയപ്പോൾ ആകാശും, ബൈക്കപകടത്തിൽ ബസ്സിനടിയിൽപ്പെട്ട് വലത് കാൽ നഷ്ടപ്പെട്ട കാൽപ്പന്ത് ഭ്രമക്കാരനായിരുന്ന തന്റെ ഭാവി അസ്തമിച്ചെന്ന് സമൂഹം വിലയിരുത്തിയ വൈശാഖും രാജ്യ പ്രശസ്തമായ യുവത്വം കൈവരിച്ചത് നല്ല ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി സ്പോട്സിനെയും ഫുട്ബോളിനെയും സംശുദ്ധവും പരിപാവനവുമായ ‘ലഹരിയായി’ തിരെഞ്ഞെടുത്തതിലൂടെ മാത്രമാണ്” എന്ന് രണ്ട് രാജ്യന്തര കായിക താരങ്ങളും മത്സര ശേഷം തങ്ങളുടെ പ്രസഗത്തിൽ മിഷൻ സോക്കർ അക്കാദമിയിലെ നൂറിലധികം കുട്ടികളോട് പറഞ്ഞ് കൊണ്ട് സമൂഹത്തിലേക്ക് ലഹരിക്കെതിരെ വലിയ സന്ദേശം പകർന്നു.
ചടങ്ങിൽ വച്ച് അരിമ്പ്ര ജി.വി.എച്ച്. എസ്. എസ്- എസ്.എസ്.എൽ.സി ബാച്ച് -94 (കലാലയ വർണ്ണങ്ങൾ) അക്കാദമിയ്ക്കായി തയ്യാറാക്കിയ ജേഴ്സികളും, ജില്ലാ എക്സൈസ് വകുപ്പിന്റെ വിമുക്തി ഫുട്ബോളിൽ പങ്കെടുക്കുന്നവർക്ക് മൊറയൂർ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ ജേഴ്സികളും വിതരണം ചെയ്തു. മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റർ, സന്തോഷ് ട്രോഫി താരം ഫൈസൽ ടി. കോട്ടക്കൽ, മലപ്പുറം ബ്ലോക്ക് പഞ്ചായത്തഗം എം.കുഞ്ഞാലൻകുട്ടി, മൊറയൂർ ഗ്രാമ പഞ്ചായത്തഗം എൻ.കെ.ഹംസ, അരിമ്പ്ര ജി.വി.എച്ച്.എസ്.സ്കൂൾ ഹെഡ്മിസ്ട്രസ് എം.വിലാസിനി ടീച്ചർ എന്നിവർ സംബന്ധിച്ചു.