“മെസ്സി അടുത്ത ലോകകപ്പ് വരെ തുടരണം എന്നാണ് ആഗ്രഹം” – എമി മാർട്ടിനസ്

Newsroom

ലോകകപ്പ് നേടിയെങ്കിലും മെസ്സി അർജന്റീനക്കായി കളിക്കുന്നത് തുടരണം എന്നാണ് ആഗ്രഹം എന്ന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. ESPN-ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിച്ച എമിലിയാനോ മാർട്ടിനെസ്, ലയണൽ മെസ്സിയെ ലോകകപ്പ് നേടാൻ സഹായിക്കാനായതിൽ സന്തോഷം പ്രകടിപ്പിച്ചു, കൂടാതെ മെസ്സി തുടർന്നും കളിക്കുമെന്നും അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കരുതെന്നും പറഞ്ഞു.

എമി മെസ്സി 23 02 22 21 10 45 425

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് നേടിയ അർജന്റീനിയൻ ടീമിന്റെ ഭാഗമായിരുന്നു മാർട്ടിനെസ്, അവരുടെ വിജയത്തിൽ മെസ്സിയെ പോലെ മാർട്ടിനസും നിർണായക പങ്ക് വഹിച്ചിരുന്നു. ഫൈനലിന് ശേഷം മെസ്സിയുമായി താൻ സംഭാഷണം നടത്തിയെന്നും കളി തുടരാനും കൂടുതൽ കിരീടങ്ങൾ ഒരുമിച്ച് നേടാൻ ആഗ്രഹം ഉണ്ടെന്നു താൻ പറഞ്ഞതായും മാർട്ടിനെസ് വെളിപ്പെടുത്തി.

“ഞങ്ങൾക്കൊപ്പം തുടരാൻ ഫൈനലിന് ശേഷം ഞാൻ മെസ്സിയോട് പറഞ്ഞു. നിങ്ങൾ തുടരണം, കൂടുതൽ കിരീടങ്ങൾ നേടാനുണ്ട്,” മാർട്ടിനെസ് പറഞ്ഞു.

ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായക സേവുകൾ നടത്തി അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത മാർട്ടിനെസ് ഹീറോയായിരുന്നു. മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല എന്ന് ലോകകപ്പിനു ശേഷം പറഞ്ഞിരുന്നു. മെസ്സി 2026 ലോകകപ് വരെ ടീമിനൊപ്പം ഉണ്ടാകണം എന്ന് അർജന്റീന പരിശീലകൻ സ്കലോണിയും നേരത്തെ പറഞ്ഞിരുന്നു.